നവകിരണം പുനരധിവാസ പദ്ധതി: രേഖ- സ്ഥല പരിശോധനകൾ പൂർത്തിയായി.

Sunday, 06 Aug, 2023   HARITHA SONU

നിലമ്പൂർ : നിലമ്പൂർ വനാതിർത്തികളിലെ സ്വകാര്യ ഭൂമി നഷ്ടപരിഹാരം സ്വീകരിച്ചു വനംവകുപ്പിന് കൈമാറാൻ സന്നദ്ധതയുള്ളവർക്ക് അതിനു അവസരം നൽകുന്ന പുനരധിവാസ പദ്ധതിയായ നവകിരണത്തിന്റെ രേഖ- സ്ഥല പരിശോധനകൾ പാട്ടക്കരിമ്പ് സെറ്റിൽമെന്റ് പ്രദേശത്ത് പൂർത്തിയായി. നിലമ്പൂർ സൗത്ത് വനം ഡിവിഷൻ കാളിക്കാവ് റെയിഞ്ചിന് കീഴിൽ വരുന്ന പാട്ടക്കരിമ്പ് സെറ്റിൽമെന്റ്ൽ ആദ്യഘട്ടത്തിൽ അപേക്ഷകരായി 40 കുടുംബങ്ങളാണ് ഉള്ളത്.

റീബിൽഡ് കേരള ഡെവലപ്മെന്റ്‌ പ്രോഗ്രാമിൽ ഉൾപ്പെടുത്തി വനാതിർത്തികളിലെ സ്ഥലങ്ങൾ ഏറ്റെടുക്കുന്ന വനംവകുപ്പ് നടപടിയോട് സ്ഥലം ഉടമകൾ അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. സംസ്ഥാനത്ത്‌ ഇതുവരെ 601 ആദിവാസി ഇതര കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പദ്ധതിയിലൂടെ 131.41 ഹെക്ടർ വനത്തോട് ചേർത്തിട്ടുണ്ട്‌. 894 കുടുംബങ്ങളെക്കൂടി ഉടനെ മാറ്റിപ്പാർപ്പിക്കും. വന്യമൃഗങ്ങളുടെ ആക്രമണവും ഉരുൾപൊട്ടൽ ഭീഷണിയും നേരിടുന്നവരെ വനമേഖലയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽനിന്ന്‌ മാറ്റിപ്പാർപ്പിക്കാൻ 2019-ലാണ് സംസ്ഥാന സർക്കാർ പദ്ധതി പ്രഖ്യാപിച്ചത്. അഞ്ച്‌ ഏക്കർവരെയുള്ള കുടുംബങ്ങൾക്ക് 15 ലക്ഷം രൂപവീതമാണ് സ്ഥലത്തിന്റെ വിലയായി നൽകുക. ഒരു കുടുംബത്തിൽ 18 വയസ്സ് പൂർത്തിയായമക്കൾ ഉണ്ടെങ്കിൽ ആൺ/പെൺവെത്യാസമില്ലാതെ അവർക്കും 15 ലക്ഷം രൂപവീതം ലഭിക്കും. മാക്ക്സിമം ഒരു കുടുംബത്തിന് 4 യൂണിറ്റാണ് ലഭിക്കുക. മാറ്റിപ്പാർപ്പിക്കപ്പെടുന്ന ഓരോ കുടുംബത്തിനും വനംവകുപ്പ് 25,000 രൂപയുടെ നൈപുണ്യ പരിശീലനവും നൽകുന്ന പദ്ധതിയുണ്ട്.
 
നിലമ്പൂർ നോർത്ത് ഡിവിഷനിൽ എടവണ്ണ റെയ്ഞ്ചിലെ 27 കുടുംബങ്ങൾക്ക്‌ പദ്ധതി പ്രകാരം ആദ്യ​ഗഡുവായി 2.02 കോടി രൂപ ഇതിനകം കൈമാറിയിട്ടുണ്ട്. സ്വയംസന്നദ്ധത പുനരധിവാസ പദ്ധതിയുടെ റീലോക്കേഷൻ നടപടികളുടെ ഭാഗമായി റവന്യൂ വനം വകുപ്പിൻ്റെ സംയുക്ത പരിശോധന പാട്ട് കരിമ്പ് സെറ്റിൽമെന്റ്ൽ ആഗസ്റ്റ് 02, 03 തിയ്യതികളിലായി പൂർത്തികരിച്ചത്. വാർഡ് മെമ്പർ എംടി നാസർബാൻ ചക്കിക്കുഴി, റെയിഞ്ച് ഡപ്യൂട്ടി അഭിലാഷ്, RKDP കോഡിനേറ്റർ അമീർ അഹ്സൻ, പ്രോജക്ട് ഫെസിലിറ്റേറ്റർ  റൗഫിയ മുനീർബാബു, ബീറ്റ് ഫോറസ്റ്റ് ഓഫീസമാരായ വി.അനിൽ കുമാർ, ഡി.വിനോദ് തുടങ്ങിയവർ സ്പെഷ്യൽ തഹസിൽദാരുടെ നേതൃത്വത്തിലുള്ള റവന്യൂ  ടീമിനെ സഹായിച്ചു.