ഗതാഗതക്കുരുക്ക് രൂക്ഷം.

Wednesday, 28 Jun, 2023   HARITHA SONU

മങ്കട : മേലെ അങ്ങാടിയിലെ ഗതാഗതക്കുരുക്ക് രൂക്ഷം. ആംബുലൻസുകളടക്കം കുടുങ്ങിക്കിടക്കുന്നത് വലിയ ദുരിതമാണുണ്ടാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ആംബുലൻസുകൾ കടന്നുപോകാനാകാതെ മിനിറ്റുകളോളം കുരുക്കിൽപ്പെട്ടു. നാലുംകൂടിയ മങ്കട മേലെ കവലയിൽ ഗതാഗതം നിയന്ത്രിക്കാൻ ആളില്ലാത്ത സാഹചര്യമാണ്. ഗതാഗതക്കുരുക്കിൽ മഞ്ചേരി മെഡിക്കൽ കോളേജിലേക്കും പെരിന്തൽമണ്ണയിലേക്കും പോകുന്ന ആംബുലൻസുകൾക്കും തടസ്സം നേരിട്ടു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രികളിലേക്കും അവിടെനിന്ന് തിരിച്ച് മഞ്ചേരി മെഡിക്കൽ കോളേജിലേക്കുമായി നിരവധി ആംബുലൻസുകൾ രോഗികളുമായി അടിയന്തരമായി കടന്നുപോകുന്ന ഈ റോഡിൽ മങ്കട മേലെ അങ്ങാടിയിലാണ് പ്രശ്നമുണ്ടാകുന്നത്.

മലപ്പുറം റോഡിലൂടെയും കൂട്ടിൽ റോഡിലൂടെയും സഞ്ചരിക്കുന്ന വാഹനങ്ങളാണ് കുരുക്കുണ്ടാക്കുന്നത്. ഇത് പ്രധാന റോഡിനെ കൂടി ബാധിച്ച് അഴിക്കാനാകാത്ത കുരുക്കാകുന്നു. ബസ് സ്റ്റോപ്പുകൾ മാറ്റി നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഇവിടെ ബസ് കാത്തിരിപ്പുകേന്ദ്രമില്ല. ആളുകൾ നിൽക്കുന്ന ഭാഗത്താണ് ബസുകൾ നിർത്തുന്നത്. ഇത് ഏറെ പ്രയാസം സൃഷ്ടിക്കുന്നു. ഇടയ്ക്കിടെയുണ്ടാകുന്ന ഗതാഗതക്കുരുക്ക് യാത്രക്കാർക്കും ടൗണിലെ വ്യാപാരികൾക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. മലപ്പുറം റോഡും കൂട്ടിൽ റോഡും വീതി കൂട്ടുകയും വാഹന പാർക്കിങ് നിയന്ത്രിക്കുകയും കൂട്ടിൽ റോഡ് ബൈപ്പാസ് യാഥാർഥ്യമാക്കുകയും ചെയ്താൽ മാത്രമേ ഗതാഗതക്കുരുക്കിന് പരിഹാരമാകൂവെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ. അസ്ഗറലി പറഞ്ഞു.