ജില്ലയിലെ അക്ഷയസെന്റർ സംരംഭകർ ബുധനാഴ്ച പണിമുടക്കുന്നു.

Monday, 07 Aug, 2023   HARITHA SONU

മലപ്പുറം : സർക്കാരിന്റെ അവഗണനയിലും അനാവശ്യ ഇടപെടലിലും പ്രതിഷേധിച്ച് ജില്ലയിലെ അക്ഷയസെന്റർ സംരംഭകർ ബുധനാഴ്ച പണിമുടക്കുന്നു. സ്റ്റേറ്റ് ഐ.ടി. എംപ്ലോയീസ് യൂണിയൻ, ഫോറം ഓഫ് അക്ഷയ സെന്റർ എന്റർപ്രണേഴ്‌സ് എന്നീ സംഘടനകളാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. സെന്ററുകളുടെ പ്രതിസന്ധി പരിഹരിക്കാൻ ഒരു നടപടിയും സർക്കാർ കൈക്കൊള്ളുന്നില്ലെന്ന് സംരംഭകർ പറഞ്ഞു. വിജിലൻസിനെക്കൊണ്ട് സംസ്ഥാനമൊട്ടാകെ റെയ്‌ഡ് ചെയ്യിച്ച് അക്ഷയസംരംഭകരെ തട്ടിപ്പുകാരാക്കി ചിത്രീകരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പ്രതിഷേധം. അക്ഷയകേന്ദ്രങ്ങളിലെ അനാവശ്യ പരിശോധന അവസാനിപ്പിക്കുക, പതിറ്റാണ്ടുമുമ്പ് നിശ്ചയിച്ച സേവനനിരക്ക് പുതുക്കുക, സംരംഭക സംഘടനാപ്രതിനിധികളുമായുള്ള യോഗം ഉടൻ വിളിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടന ഉന്നയിക്കുന്നത്. അക്ഷയക്ക് സമാന്തരമായി വ്യക്തികൾ തുടങ്ങിയിട്ടുള്ള അനധികൃത സേവനകേന്ദ്രങ്ങൾ അടച്ചുപൂട്ടണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. എസ്.ഐ.ടി.ഇ.യു. സംസ്ഥാന ജന. സെക്രട്ടറി പി.പി. അബ്ദുൾ നാസർ, എഫ്.എ.സി.ഇ. ജില്ലാപ്രസിഡന്റ് മഹർഷാ കളരിക്കൽ, അഷ്‌റഫ് പട്ടാക്കൽ, കെ.പി. ഷിഹാബ് പടിഞ്ഞാറ്റുമുറി, പി. ജയസുധ, സജ്‌ന ആലുങ്ങൽ തുടങ്ങിയവർ പങ്കെടുത്തു.