പുഞ്ചപ്പാടത്ത്‌ ഇറക്കിവെച്ച യന്ത്രം ആവശ്യംകഴിഞ്ഞിട്ടും കയറ്റിവെക്കാത്തതിനാൽ വെയിലും മഴയുമേറ്റ് നശിക്കുന്നു.

Monday, 03 Jul, 2023   HARITHA SONU

എടപ്പാൾ : കൃഷിയാവശ്യത്തിനായി പുഞ്ചപ്പാടത്ത്‌ ഇറക്കിവെച്ച യന്ത്രം ആവശ്യംകഴിഞ്ഞിട്ടും കയറ്റിവെക്കാത്തതിനാൽ വെയിലും മഴയുമേറ്റ് നശിക്കുന്നു. ആലങ്കോട് പഞ്ചായത്തിലെ പെരുമുക്ക് കാഞ്ഞിയൂർ-മുത്തൂർ പാടത്ത് അറബിക്കെട്ടിനടുത്താണ് നാലുലക്ഷത്തോളം രൂപ വിലവരുന്ന മോട്ടോറും പെട്ടിയും പറയും നശിച്ചുകൊണ്ടിരിക്കുന്നത്. കാർഷികാവശ്യങ്ങൾക്ക് സർക്കാർ നൽകുന്ന സാധനങ്ങൾ ആവശ്യം കഴിഞ്ഞാൽ സൂക്ഷിച്ചുവെക്കാൻ ബാധ്യതയുള്ളവർ അതു ചെയ്യാത്തതിനെതിരേ കർഷകർക്കിടയിൽ പ്രതിഷേധമുയരുന്നുണ്ട്.

ഇക്കഴിഞ്ഞ ജനുവരിയിൽ മുണ്ടകൻ കൃഷിക്ക് വെള്ളം വറ്റിക്കാനായാണ് ഈ മോട്ടോറും പെട്ടിയും പറയും ഇവിടെ സ്ഥാപിച്ചത്. അതു ചെയ്തുകഴിഞ്ഞ് കൃഷിയും കഴിഞ്ഞിട്ടും ഇതുമാത്രം എടുത്തുകൊണ്ടുപോയില്ല. സാധാരണഗതിയിൽ ആവശ്യം കഴിഞ്ഞാൽ ഇവ കൊണ്ടുപോയി തുടച്ചുവൃത്തിയാക്കി ഓയിൽ കൊടുത്ത് സൂക്ഷിക്കുകയാണു ചെയ്യാറുള്ളത്. എങ്കിൽ മാത്രമേ അടുത്ത സീസണിൽ വീണ്ടും ഇതുപയോഗിക്കാനാകൂ. എന്നാൽ അതുചെയ്യാതെ വയലിൽ മൂടിവെക്കുകപോലും ചെയ്യാതെ കിടക്കുന്ന മോട്ടോർ ഇനി ഉപയോഗിക്കണമെങ്കിൽ ചിലപ്പോൾ വലിയ തുക അറ്റകുറ്റപ്പണിക്കായി നൽകേണ്ടിവരുമെന്നാണ് കർഷകർ പറയുന്നത്. ബാധ്യതപ്പെട്ടവർ ഇവ സൂക്ഷിക്കാത്തപക്ഷം കൃഷിവകുപ്പുതന്നെ അതിനുള്ള സംവിധാനമേർപ്പെടുത്തണമെന്ന് പെരുമുക്ക് മേഖലാ കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.