ആലുവ ടൗണിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് നിവേദനം നൽകി അന്‍വര്‍ സാദത്ത് എം.എല്‍.എ.

Tuesday, 25 May, 2021  ANOOB NOCHIMA

ആലുവ : ആലുവ ടൗണില്‍ നിരന്തരമായി അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിന് മാര്‍ക്കറ്റ് റോഡ് സ്ഥലം ഏറ്റെടുത്ത് വീതി കുട്ടുന്നതിനും മറ്റനുബന്ധ പ്രവര്‍ത്തികള്‍ക്കുമായി തയ്യാറാക്കിയ പദ്ധതിക്ക് ആവശ്യമായ 9.0 കോടി രുപ അനുവദിക്കണമെന്ന നിവേദനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന് അദ്ദേഹത്തിന്റെ സെക്രട്ടറിയേറ്റിലെ ഓഫീസില്‍ നേരിട്ടെത്തി അന്‍വര്‍ സാദത്ത് എം.എല്‍.എ നല്കുകയും, ആവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെടുകയും ചെയ്തു. തിരഞ്ഞെടുപ്പുകാലത്ത് ആലുവയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനായി പ്രഥമപരിഗണന നല്കുമെന്ന് പൊതുജനങ്ങള്‍ക്ക് നല്കിയ ഉറപ്പുപാലിക്കുന്നതിനായിട്ട് 3-ാം പ്രാവശ്യവും എം.എല്‍.എ യായി സത്യപ്രതിജ്ഞ ചെയ്തതിനുശേഷമുള്ള ആദ്യത്തെ ഈ നിവേദനം പൊതുമരാമത്തു വകുപ്പുമന്ത്രിയുടെ ഓഫീസില്‍ നേരിട്ടു ചെന്നാണ് നല്കിയത്.

കൂടാതെ ധന്യകാര്യവകുപ്പു മന്ത്രി കെ.എന്‍.ബാലഗോപാലിനേയും നേരിട്ടുകണ്ട് ഈ കാര്യത്തില്‍ അനുഭാവപൂര്‍ണ്ണമായ നടപടികള്‍ ഉണ്ടാകണമെന്നാവശ്യപ്പെടുകയും ചെയ്തു. ആലുവ ടൗണിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനായി സര്‍ക്കാര്‍ ഏജന്‍സിയായ നാറ്റ്പാക്കിനെകൊണ്ട് സര്‍വ്വേ നടത്തി റിപ്പോര്‍ട്ടാക്കിയതിനുശേഷം, ആലുവ മുന്‍സിപ്പല്‍ ചെയര്‍മാന്‍, ജനപ്രതിനിധികള്‍, വ്യാപാരി വ്യവസായികള്‍, പോലീസ്, ആര്‍.ടി.ഒ, പിഡബ്ലുഡി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, രാഷ്ടീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ എന്നിവരുമായി ചര്‍ച്ച നടത്തിയതിനു ശേഷം റിപ്പോര്‍ട്ട് പ്രായോഗികമാണെങ്കില്‍ അത് നടപ്പിലാക്കുവാനാണുദ്ദേശിക്കുന്നത് എന്ന് എം.എല്‍.എ പറഞ്ഞു.