വിളക്കുടി ഗ്രാമപ്പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ മാലിന്യം തള്ളുന്നത് നിർബാധം തുടർന്നിട്ടും തടയാൻ ഫലപ്രദമായ നടപടികളില്ല.

Friday, 22 Sep, 2023   HARITHA SONU

വിളക്കുടി : വിളക്കുടി ഗ്രാമപ്പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ മാലിന്യം തള്ളുന്നത് നിർബാധം തുടർന്നിട്ടും തടയാൻ ഫലപ്രദമായ നടപടികളില്ല. മാലിന്യം കുന്നുകൂടുകയും ജന ജീവിതം കൂടുതൽ ദുസ്സഹമാകുകയും ചെയ്യുമ്പോൾ മണ്ണുമാന്തിയുപയോഗിച്ചു നീക്കംചെയ്യുകയോ കുഴിച്ചുമൂടുകയോ ചെയ്യുന്നതാണ് പതിവുരീതി. വൃത്തിയാക്കുന്ന സ്ഥലങ്ങളിൽ ആഴ്ചകൾക്കകം മാലിന്യം കുന്നുകൂടി ദുർഗന്ധം വമിക്കുന്ന സ്ഥിതിയാണ്. സ്ഥിരമായി മാലിന്യം തള്ളുന്ന സ്ഥലങ്ങളിൽ നിരീക്ഷണം ഏർപ്പെടുത്തുന്നതടക്കം തടയാൻ ഫലപ്രദമായ മാർഗങ്ങൾ സ്വീകരിക്കാത്തതാണ് പ്രധാന കാരണം. പ്ലാസ്റ്റിക് ചാക്കുകളിലാക്കി വാഹനങ്ങളിൽ കൊണ്ടുവരുന്ന അറവുമാലിന്യങ്ങൾ അടക്കമുള്ളവയാണ് ദേശീയപാതയോരത്തും മറ്റും വലിച്ചെറിയുന്നത്. ഓരോ ദിവസവും നേരം പുലരുമ്പോൾ മാംസമാലിന്യങ്ങൾക്കും കോഴി വേസ്റ്റിനും മുകളിലൂടെ കടന്നു പോകേണ്ടി വരുന്നു. മാംസാവശിഷ്ടങ്ങൾക്കായി തെരുവുനായകൾ കടിപിടികൂടുന്നതും പക്ഷികൾ അവശിഷ്ടങ്ങൾ കൊത്തിയെടുത്ത് കിണറുകളിലും മറ്റും കൊണ്ടിടുന്നതും പതിവാണ്.

പച്ചിലവളവ്, ചേത്തടി, പേപ്പർ മിൽ, കുന്നിക്കോട് പോസ്റ്റ്‌ ഓഫീസ്, വിളക്കുടി ലിറ്റിൽ ഫ്ലവർ ആശുപത്രിക്കു സമീപം, ആവണീശ്വരം റെയിൽവേ സ്റ്റേഷനു സമീപം എന്നിവിടങ്ങളിൽ കുന്നുകൂടിയ മാലിന്യം മണ്ണുമാന്തിയുടെ സഹായത്തോടെ കഴിഞ്ഞ മാർച്ച് അവസാനത്തോടെ നീക്കംചെയ്തിരുന്നു. ഗ്രാമപ്പഞ്ചായത്ത്, തൊഴിലുറപ്പ്, ഹരിതകർമസേന എന്നിവയുടെ സഹകരണത്തോടെയായിരുന്നു ശുചീകരണം. ഇതിൽ ഭൂരിഭാഗം സ്ഥലത്തും വീണ്ടും മാലിന്യം നിറഞ്ഞിട്ടുണ്ട്. മാലിന്യം തള്ളുന്നവർക്കെതിരേ ക്രിമിനൽ നടപടി സ്വീകരിക്കുമെന്നും നിരീക്ഷണം ശക്തമാക്കുമെന്നും മുന്നറിയിപ്പ് നൽകാറുണ്ടെങ്കിലും നടപ്പാകാറില്ല. നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമെന്ന വാഗ്ദാനവും പാലിക്കാറില്ല. പതിനേഴ്, മൂന്ന് വാർഡുകളെ ബന്ധിപ്പിക്കുന്ന കിടങ്ങയിൽ ക്ഷേത്രം റോഡിനു സമീപത്തെ വയലിൽ തള്ളിയിരുന്ന മാലിന്യം വാർഡ്‌ അംഗവും ബ്ലോക്ക് പഞ്ചായത്ത്‌ അംഗവും ഇടപെട്ട് കഴിഞ്ഞ ദിവസമാണ് നീക്കം ചെയ്തത്. നാട്ടുകാർ ദുർഗന്ധം സഹിച്ചു മടുത്തപ്പോഴായിരുന്നു മണ്ണുമാന്തിയെത്തിച്ച് നീക്കിയത്.

ആറുമാസംമുമ്പും ഇതേ സ്ഥലം വൃത്തിയാക്കിയതാണെന്ന് ബ്ലോക്ക് പഞ്ചായത്ത്‌ അംഗം സി. സജീവനും ഗ്രാമപ്പഞ്ചായത്ത്‌ അംഗം ലീന സുരേഷും പറഞ്ഞു. മാറ്റി സ്ഥാപിക്കാവുന്ന നിരീക്ഷണ ക്യാമറങ്ങൾ വാങ്ങി ഓരോ സ്ഥലത്തും മാറി മാറി സ്ഥാപിച്ച് മാലിന്യം തള്ളുന്നവരെ കണ്ടെത്തി നടപടിയെടുക്കാൻ ഗ്രാമപ്പഞ്ചായത്ത് തയ്യാറകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.