അഷ്ടമുടി വീരഭദ്രസ്വാമി ക്ഷേത്രത്തിൽ ഉരുൾനേർച്ച ഉത്സവം തുടങ്ങി.

Sunday, 24 Sep, 2023   HARITHA SONU

അഞ്ചാലുംമൂട് : അഷ്ടമുടി വീരഭദ്രസ്വാമി ക്ഷേത്രത്തിൽ ഉരുൾനേർച്ച ഉത്സവം തുടങ്ങി. ഞായറാഴ്ച പുലർച്ചെ 4.30-ന് ക്ഷേത്രം തന്ത്രി തുറവൂർ ഉണ്ണിക്കൃഷ്ണൻ, മേൽശാന്തി സുകുമാരൻ, നിത്യശാന്തി കൃഷ്ണൻ തുടങ്ങിയവരുടെ കാർമികത്വത്തിൽ വിശേഷാൽ പൂജകൾക്കുശേഷമാണ് ഉരുൾവഴിപാട് ആരംഭിച്ചത്‌. ക്ഷേത്രത്തിലെത്തുന്ന ഭക്തർ അഷ്ടമുടിക്കായലിൽ മുങ്ങിക്കുളിച്ച് ഈറനോടെ ക്ഷേത്രത്തിനു വലംവെച്ച് മൂന്നു പ്രാവശ്യം ശയനപ്രദക്ഷിണം നടത്തും. തുടർന്ന് മുൻവശം സ്ഥാപിച്ചിരിക്കുന്ന 101 തിരിവിളക്കിൽ നെയ്‌വിളക്ക് തെളിച്ചാണ് മടങ്ങുന്നത്.

ദർശനത്തിനെത്തുന്ന ഭക്തർക്കുവേണ്ടി ശയനപ്രദക്ഷിണം നടത്താൻ ഒട്ടേറെ കുട്ടികൾ ക്ഷേത്രപരിസരത്തുണ്ട്. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് നടത്തുന്ന അവാർഡ് വിതരണവും അനുമോദന സമ്മേളനവും മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. എൻ. കെ പ്രേമചന്ദ്രൻ എം. പി അവാർഡുകൾ സമ്മാനിക്കും. എം. നൗഷാദ് എം. എൽ. എ അവാർഡ് ജേതാക്കളെ അനുമോദിക്കും. രാത്രി ഒൻപതിന് മെഗാ ഷോ. 26-ന് രാവിലെ എട്ടിന്‌ കഥാപ്രസംഗം, പതിനൊന്നിന് കരോക്കെ ഗാനമേള, 11.30-ന് സർഗസങ്കീർത്തനം, ഉച്ചയ്ക്ക് രണ്ടിന് കവിയരങ്ങ്, നാലിന് കാവ്യാർച്ചന, എട്ടിന് ഉരുൾനേർച്ച സമാപനം നടക്കും.