ഓച്ചിറ : ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ ഇരുപത്തെട്ടാം ഓണം കാളകെട്ടുത്സവം ചൊവ്വാഴ്ച പടനിലത്ത് നടക്കും. കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലെ 52 കരകളിൽനിന്ന് ചെറുതും വലുതുമായ ഇരുനൂറോളം കെട്ടുകാളകൾ പടനിലത്ത് അണിനിരക്കും. ചൊവ്വാഴ്ച പുലർച്ചെ കാളകെട്ടു സമിതികളുടെ പ്രതിനിധികൾ പരബ്രഹ്മ സന്നിധിയിലെത്തി പൂജകളും വഴിപാടുകളും നടത്തും. ശേഷം എഴുന്നള്ളത്തിനായുള്ള പരബ്രഹ്മത്തിന്റെ അനുവാദം വാങ്ങും. ക്ഷേത്രത്തിൽനിന്നു പൂജിച്ചു നൽകുന്ന കൂവളമാല കെട്ടുകാളകളുടെ ശിരസ്സിലണിയിക്കും കാളമൂട്ടിൽ പ്രത്യേക പൂജകളും വഴിപാടുകളും നടക്കും. രാവിലെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി പുറപ്പെടുന്ന കെട്ടുകാളകളെ വൈകീട്ട് 6.30-നുമുമ്പ് പരബ്രഹ്മ സവിധത്തിൽ എത്തിക്കും.
ഭരണസമിതി നൽകിയിട്ടുള്ള നമ്പർ ക്രമത്തിലായിരിക്കും കെട്ടുകാളകളെ പടനിലത്ത് അണിനിരത്തുക. ബുധനാഴ്ചകൂടി ദർശനസൗകര്യം ഒരുക്കിയിട്ടുണ്ട്. ഗതാഗത നിയന്ത്രണം, ക്രമസമാധാനപാലനം എന്നിവയ്ക്ക് വിപുലമായ ക്രമീകരണങ്ങൾ സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ സജ്ജമാണ്. വൈദ്യുതിബന്ധം എത്രയുംവേഗം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്ന് വൈദ്യുതി ബോർഡ് അധികൃതരും അറിയിച്ചിട്ടുണ്ട്. കാളകെട്ടുസമിതി പ്രവർത്തകരും പൊതുജനങ്ങളും എല്ലാ നിർദേശങ്ങളും പാലിച്ചു സഹകരിക്കണമെന്ന് ക്ഷേത്രഭരണസമിതി സെക്രട്ടറി കെ. ഗോപിനാഥനും പ്രസിഡന്റ് ജി. സത്യനും പറഞ്ഞു.
October 3, 2024
September 28, 2023
September 23, 2023
September 22, 2023
September 20, 2023
September 19, 2023