കാസർകോട് : ഓണവിപണിയിലേക്ക് പൂക്കളെത്തിക്കാൻ ചെണ്ടുമല്ലി കൃഷിയുമായി കുടുംബശ്രീ യൂണിറ്റുകൾ. ജില്ലയിലെ 165 യൂണിറ്റുകളിലാണ് ഇത്തവണ കുടുംബശ്രീയുടെ ചെണ്ടുമല്ലി കൃഷി ഒരുങ്ങുന്നത്. തമിഴ്‌നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നാണ് കേരളത്തിലേക്ക് കൂടുതലായി ഓണത്തിന് പൂക്കൾ എത്തിക്കുന്നത്. എന്നാൽ, ഇത്തവണ കുടുംബശ്രീയുടെ നാടൻപൂക്കളും ഓണവിപണിയിൽ താരങ്ങളാകും. 12 ഏക്കർ സ്ഥലത്താണ് പൂക്കൾ കൃഷിചെയ്യുന്നത്. പള്ളിക്കര, ചെമ്മനാട്, കുമ്പള, പുല്ലൂർ-പെരിയ, കയ്യൂർ-ചീമേനി, ചെറുവത്തൂർ എന്നീ സി.ഡി.എസുകൾക്ക് കീഴിലാണ് വിവിധ ഇടങ്ങളിൽ ചെണ്ടുമല്ലി കൃഷിചെയ്യുന്നത്. കയ്യൂർ-ചീമേനി സി.ഡി.എസുകൾക്ക് കീഴിലാണ് ഏറ്റവും കൂടുതൽ പൂക്കൾ കൃഷിചെയ്യുന്നത്. 100 യൂണിറ്റുകളിലാണ് കൃഷിയുള്ളത്. 10 സെന്റ് മുതൽ 50 സെന്റ് വരെ കൃഷിചെയ്യുന്ന യൂണിറ്റുകളുമുണ്ട്.
മഞ്ഞ, ഓറഞ്ച് എന്നീ നിറങ്ങളിലുള്ള ചെണ്ടുമല്ലി പൂക്കളുടെ തൈകളും, വിത്തുകളും കൃഷിക്കായി ഉപയോഗിച്ചിരുന്നു. മഴക്കാലകൃഷി ആയതിനാൽതന്നെ കൂടുതൽ ശ്രദ്ധയോടെയാണ് പൂക്കളുടെ പരിചരണം. കുടുംബശ്രീയുടെ ഓണച്ചന്തകൾ വഴി പൂക്കൾ വിപണിയിലെത്തിക്കും. ജൂൺ ആദ്യവാരം തന്നെ പൂക്കൾ കൃഷിചെയ്തുതുടങ്ങി. പൂക്കൃഷിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകൾക്ക് മികച്ച വരുമാനം സ്വന്തമാക്കാനുള്ള അവസരമായാണ് ഓണക്കാലത്തെ കണക്കാക്കുന്നത്. കഴിഞ്ഞവർഷത്തെക്കാൾ കൂടുതൽ യൂണിറ്റുകൾ ഇത്തവണ കൃഷിക്കായി മുന്നിട്ടിറങ്ങിയിട്ടുണ്ട്. ചെണ്ടുമല്ലി കൃഷിയിലൂടെ മികച്ച വിളവ് നേടാൻ കുടുംബശ്രീക്ക് സാധിക്കുമെന്ന പ്രതീക്ഷയിലാണ് യൂണിറ്റുകൾ.
September 24, 2023
September 19, 2023
September 15, 2023
September 14, 2023
September 9, 2023