ചെർക്കളയിൽ അപകടത്തിലേക്ക് വാപിളർന്നുകിടക്കുന്ന കുഴികൾ യാത്രക്കാരിൽ ഭീതി ഉയർത്തുന്നു.

Friday, 15 Sep, 2023   HARITHA SONU

ചെർക്കള : പ്രതിദിനം നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ചെർക്കളയിൽ അപകടത്തിലേക്ക് വാപിളർന്നുകിടക്കുന്ന കുഴികൾ യാത്രക്കാരിൽ ഭീതി ഉയർത്തുന്നു. ചെർക്കള ടൗണിൽനിന്ന് ബദിയഡുക്ക, ബോവിക്കാനം ഭാഗത്തേക്കുള്ള റോഡിന്റെ തുടക്കത്തിൽ ഏറെനീളത്തിലും വീതിയിലും ആഴത്തിലും കുഴി രൂപപ്പെട്ടിട്ടുണ്ട്. ചെർക്കള ഭാഗത്തുനിന്ന് പോകുന്ന വാഹനങ്ങൾ കുഴികളിൽ വീഴുന്നത് ഒഴിവാക്കുന്നതിന് മറുഭാഗത്തുകൂടെ എടുക്കുമ്പോൾ എതിർഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കാൻ സാധ്യതയേറെയാണ്. മഴവെള്ളം കെട്ടിനിന്നതോടെ അനുദിനം കുഴികളുടെ ആഴവും വീതിയും കൂടി വരികയാണ്. ഇരുചക്രവാഹനയാത്രക്കാരും ചെറവുവാഹനങ്ങളുമാണ് ഏറെയും പ്രയാസപ്പെടുന്നത്. മഴവെള്ളം കെട്ടിനിൽക്കുന്ന കുഴികൾ രാത്രിയിൽ ഇരുചക്രയാത്രക്കാർക്ക് പേടിസ്വപ്നമായി മാറിയിട്ടുണ്ട്.

മഴവെള്ളം ഒഴുകിപ്പോകുന്നതിന് സൗകര്യമില്ലാതെ കെട്ടിനിൽക്കുന്നതും കുഴികളുടെ ആഴംകൂടുന്നതിന് ഇടയാക്കുന്നു. നാട്ടുകാരും സമീപത്തെ വ്യാപാരികളും യാത്രക്കാരും അപകടഭീതി ഉയർത്തുന്ന കുഴികൾ ഒഴിവാക്കുന്നതിന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ചെർക്കള ബസ് സ്റ്റാൻറിലേക്കുള്ള റോഡിലും പലയിടങ്ങളിലും കുഴികൾ രൂപപ്പെട്ടുവരുന്നുണ്ട്. ബസ് സ്റ്റാൻഡിൽനിന്ന് ബദിയഡുക്ക, ബോവിക്കാനം ഭാഗങ്ങളിലേക്ക് പോകുന്ന റോഡിലും കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഇവിടങ്ങലിലും മഴവെള്ളം കെട്ടിനിന്നാണ് കുഴികളുടെ ആഴം അനുദിനം കൂടിവരുന്നത്. അപകടത്തിനിടയാക്കാവുന്ന കുഴികൾ ഒഴിവാക്കുന്നതിനാവശ്യമായ അറ്റകുറ്റപ്പണി നടത്തണമെന്നാണ് യാത്രക്കാരും നാട്ടുകാരും ആവശ്യപ്പെടുന്നത്.