കോവിഡ് ബാധിതരായ ആദിവാസി കോളനിയിൽ ചികിത്‌സ എത്തിച്ചു കോവി ബാറ്റിൽ മൊബൈൽ മെഡിക്കൽ ടീം.

Thursday, 10 Jun, 2021   PM JAFFAR

മുള്ളേരിയ : വനത്തിനുള്ളിലെ കോവിഡ് ബാധിതരായ ആദിവാസി കോളനിയിൽ ചികിത്‌സ എത്തിച്ചു കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ കോവി ബാറ്റിൽ മൊബൈൽ മെഡിക്കൽ ടീം. മുളിയാർ സാമൂഹിക ആരോഗ്യ കേന്ദ്രം നേത്യത്വം നൽകുന്ന ടീം  ദേലംപാടി പഞ്ചായത്തിലെ മല്ലംപാറയിലാണ്‌ സാഹസികമായി എത്തിയത്‌. വനഭൂമിയാൽ ചുറ്റപെട്ട് കിടക്കുന്ന ഈ പ്രദേശത്ത് താമസിക്കുന്ന ആദിവാസി വിഭാഗങ്ങളുടെ വീടുകളിൽ വ്യാപകമായി കോവിഡ് പടർന്നു പിടിച്ചതറിഞ്ഞായിരുന്നു പ്രവർത്തനം.  തൊട്ടടുത്ത ദേലംപാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തണമെങ്കിൽ 12 കിമീ യാത്ര ചെയ്യണം. 

വാഹനങ്ങളുടെ അപര്യാപ്തത ഏറെയുള്ള പ്രദേശത്തെ പുരുഷന്മാരായ കുറച്ചു രോഗികളെ ദേലംപാടി പഞ്ചായത്തിന്റെ അഡൂരിലെ ഡൊമിസിയിലറി കേന്ദ്രത്തിലേക്ക് മാറ്റി. എന്നാൽ മുപ്പത്താറോളം പോസറ്റിവായ സ്ത്രീകളുൾപ്പടെയുള്ളവർ വീടുകളിലായി. അവരുടെ അടുത്തേക്ക്  ആറ്‌ കി.മീ. വനത്തിലൂടെ ജീപ്പിലും  ഏതാണ്ട് പന്ത്രണ്ട് കി.മീ നടന്നുമാണ് എത്തിയത്. ഡോ. മുഹമ്മദ് ഷിറാസ്, സ്റ്റാഫ്നേഴ്സുമാരായ സീമാ മോഹനൻ , അശ്വതി, ബിന്ദു, എന്നിവർ അടങ്ങുന്ന മെഡിക്കൽ ടീമാണ്‌  മല്ലംപാറയിലെത്തിയത്‌.  ഇത് മറക്കാനാവത്ത അനുഭവമായിരുന്നുവെന്ന്‌ ഡോക്ടർ ഷിറാസ് പറഞ്ഞു. പഞ്ചായത്തംഗം ബിജു നെച്ചിപ്പടുപ്പിന്റെ നേതൃത്വത്തിൽ ഓരോ വീടും കയറിയിറങ്ങി.  പൾസ് ഓക്സിമീറ്റർ മെമ്പർക്ക് നൽകിയാണ് ഡോക്ടറും സംഘവും മടങ്ങിയത്.