അടുക്കള പച്ചക്കറിത്തോട്ടം പദ്ധതി തുടങ്ങി.

Tuesday, 04 Jul, 2023   HARITHA SONU

പൊയിനാച്ചി : ചെമ്മനാട് പഞ്ചായത്തിലെ എല്ലാ വീടുകളിലും വനിതകളുടെ നേതൃത്വത്തിൽ ലക്ഷ്യമിടുന്ന അടുക്കള പച്ചക്കറിത്തോട്ടം പദ്ധതി തുടങ്ങി. പച്ചക്കറിത്തൈകളും വിത്തും സൗജന്യമായി ചെമ്മനാട് കൃഷിഭവൻ വഴി ഇതിനായി നൽകി തുടങ്ങി. ഗ്രാമസഭകളിലൂടെ അപേക്ഷിച്ചവരാണ് പദ്ധതിയുടെ ഭാഗമാകുക. പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കർ പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ ഇബ്രാഹിം മൻസൂർ കുരിക്കൾ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷ രമ ഗംഗാധരൻ, പഞ്ചായത്തംഗം ഇ. മനോജ്‌കുമാർ, കാർഷിക വികസന സമിതി അംഗം ബി.പി. അഗ്ഗിത്തായ, ആത്മ കാസർകോട് പ്രോജക്ട് ഡയറക്ടർ ഇ.ഡി. അജിമോൾ, കൃഷി ഓഫീസർ കെ. വേണുഗോപാലൻ, കൃഷി അസിസ്റ്റൻഡ് എ. പദ്മനാഭൻ എന്നിവർ സംസാരിച്ചു. പ്രതിമാസ കർഷക പരിശീലന പരിപാടിയുടെ ഭാഗമായി അടുക്കളത്തോട്ട നിർമാണത്തെപ്പറ്റി കൃഷിവകുപ്പ് മുൻ അഡീഷണൽ ഡയറക്ടർ ആർ. വീണാറാണി ക്ലാസെടുത്തു.