വയനാട് വന്യജീവിസങ്കേതത്തിൽ കാട്ടാനക്കുട്ടിയെ ചരിഞ്ഞനിലയിൽ കണ്ടെത്തി.

Tuesday, 29 Jun, 2021   HARITHA SONU

പുല്പള്ളി : വയനാട് വന്യജീവിസങ്കേതത്തിൽ കാട്ടാനക്കുട്ടിയെ ചരിഞ്ഞനിലയിൽ കണ്ടെത്തി. കുറിച്യാട് റേഞ്ചിലെ വണ്ടിക്കടവ് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലുള്ള കൊല്ലിക്കുറുക്ക് വനത്തിലാണ് ഒന്നരവയസ്സുള്ള കുട്ടിയാനയെ തിങ്കളാഴ്ച ചരിഞ്ഞനിലയിൽ കണ്ടെത്തിയത്. കാട്ടാനക്കൂട്ടം സമീപത്ത് നിലയുറപ്പിച്ചതിനാൽ ജഡത്തിന് സമീപത്തെത്താൻ വനംവകുപ്പ് അധികൃതർക്ക് കഴിഞ്ഞില്ല. ചൊവ്വാഴ്ച രാവിലെ ആനക്കൂട്ടം മാറിയതോടെയാണ് വനപാലകർ പരിശോധന നടത്തിയത്. വീഴ്ചയിലുള്ള ആഘാതമാണ് മരണകാരണമെന്നാണ് പ്രാഥമികനിഗമനം. രോഗബാധയുണ്ടോ എന്നറിയാൻ ആന്തരികാവയവങ്ങളുടെ സാംപിൾ അയച്ചു. വെറ്ററിനറി സർജൻ ഡോ. അജേഷിന്റെ നേതൃത്വത്തിൽ ജഡം പരിശോധിച്ചശേഷം വനത്തിൽത്തന്നെ സംസ്കരിച്ചു.