പനവല്ലിയിലെ കടുവശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ജനങ്ങൾ സമരത്തിനിറങ്ങുന്നു.

Thursday, 14 Sep, 2023   HARITHA SONU

പനവല്ലി : പനവല്ലിയിലെ കടുവശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ജനങ്ങൾ സമരത്തിനിറങ്ങുന്നു. അപ്പപ്പാറയിലെ തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷനുമുന്നിൽ രാപകൽ സമരമിരിക്കാനാണ് തീരുമാനം. മയക്കുവെടിവെച്ച് കടുവകളെ പിടികൂടുക, വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരംകാണുക, ആനക്കിടങ്ങുകൾ അറ്റകുറ്റപ്പണിയെടുത്ത് നവീകരിക്കുക തുടങ്ങിയവയാണ് ആവശ്യം. തിങ്കളാഴ്ച രാവിലെ പനവല്ലിയിൽനിന്ന് തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷനിലേക്ക് പ്രതിഷേധറാലി നടത്തും. പനവല്ലി വനിതാസമുച്ചയത്തിൽ ചേർന്ന യോഗം സമരത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തി. തിരുനെല്ലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ കെ. ആർ ജിതിൻ അധ്യക്ഷത വഹിച്ചു. വരകിൽ വിജയൻ, എ. പ്രഭാകരൻ നായർ, ശശി പാറയ്ക്കൽ, പി. എൻ ഉണ്ണി, കെ. സി നിതിൻ എന്നിവർ സംസാരിച്ചു.

പനവല്ലിയിലും സമീപപ്രദേശങ്ങളിലും കടുവശല്യം രൂക്ഷമാണ്. പലരും കടുവയുടെ മുന്നിലകപ്പെടുന്നത് പതിവായി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. വി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർ കടുവയുടെ മുന്നിലകപ്പെട്ടു. പ്രദേശത്ത് രണ്ടുകൂടുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കടുവ കൂട്ടിലകപ്പെടുന്നില്ല. പ്രദേശത്ത് ഒരു അമ്മക്കടുവയും രണ്ട് കുട്ടികളും ഉൾപ്പെടെ ഒന്നിലധികം കടുവകളുണ്ടെന്നാണ് നിഗമനം. കടുവകൾക്കായി നാട്ടുകാരുടെ സഹകരണത്തോടെ വനപാലകർ രണ്ടുതവണ തിരച്ചിൽ നടത്തിയെങ്കിലും നേരിൽ കാണാനായില്ല. അതേസമയം വിവിധയിടങ്ങളിൽ കടുവയുടെ കാല്പാടുകൾ കണ്ടെത്തിയിട്ടുണ്ട്.