നല്ലൂർനാട് ട്രൈബൽ ആശുപത്രിക്ക് സ്‌പെഷ്യാലിറ്റി പദവി.

Thursday, 03 Aug, 2023   HARITHA SONU

മാനന്തവാടി : ജില്ലാ ക്യാൻസർ സെന്റർ പ്രവർത്തിക്കുന്ന നല്ലൂർനാട് ട്രൈബൽ ആശുപത്രിക്ക് സ്‌പെഷ്യാലിറ്റി പദവി. നേരത്തെ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പട്ടികയിലായിരുന്നു ആശുപത്രിയുണ്ടായിരുന്നത്‌. സ്‌പെഷ്യാലിറ്റി പദവി ലഭിച്ചതോടെ വികസന പദ്ധതികളിലുൾപ്പെടെ മാറ്റം വരും. കൂടുതൽ സ്‌പെഷ്യാലിറ്റി ക്ലിനിക്കുകൾ ആരംഭിക്കും. രോഗികൾക്ക് കൂടുതൽ സേവനങ്ങളും ലഭിക്കും. നിലവിൽ ക്യാൻസർ, ജനറൽ, പീഡിയാട്രിക്, ദന്തൽ വിഭാഗങ്ങളാണ്‌ ആശുപത്രിയിലുള്ളത്‌. അർബുദ രോഗികൾക്കുള്ള കീമോതെറാപ്പി, റേഡിയേഷൻ സൗകര്യമുണ്ട്‌. കിഡ്‌നി രോഗികൾക്കായി ഡയാലിസിസ് സംവിധാനവുമുണ്ട്‌. ഡോക്ടർമാരുൾപ്പെടെ 52 ജീവനക്കാരുണ്ട്‌. ജില്ലയിലെ ആദിവാസി ജനവിഭാഗങ്ങളുടെ ആരോഗ്യനിലവാരം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പട്ടികജാതി, പട്ടികവർഗ വകുപ്പിന്‌ കീഴിൽ ആരംഭിച്ച ആശുപത്രി പിന്നീട്‌ ആരോഗ്യവകുപ്പ്‌ എറ്റെടുത്തതാണ്‌. നിത്യേന നൂറുകണക്കിന്‌ രോഗികൾ ഇവിടെ ചികിത്സ തേടി എത്തുന്നുണ്ട്‌.