അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ കാർ കണ്ടെത്തി. 

Thursday, 01 Apr, 2021  ANOOB NOCHIMA

ശ്രീകൃഷ്ണപുരം : മുണ്ടൂർ–പെരിന്തൽമണ്ണ സംസ്ഥാനപാതയിലെ തിരുവാഴിയോട് കനാൽ പാലത്തിനുസമീപത്ത്നിന്ന്‌ അജ്ഞാതസംഘം ബുധനാഴ്ച രാവിലെ തട്ടിക്കൊണ്ടുപോയ കാർ കണ്ടെത്തി. മലപ്പുറം തിരൂരങ്ങാടി ചെമ്മാട് ചുക്കാൻ മേലോട്ടിൽ മുഹമ്മദാലിയുടെ ടി എൻ 06 യു 7635 നമ്പർ ബ്രീസ കാര്‍  ഒറ്റപ്പാലം മായന്നൂർ റോഡിലെ കൊണ്ടാഴിക്ക്സമീപം കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോർപറേഷന്റെ കായാംപൂവ്വം അക്കേഷ്യ പ്ലാന്റേഷനിൽ ഉപേഷിച്ച നിലയിൽ കണ്ടെത്തി. 

ചൊവ്വാഴ്ച രാത്രി എട്ടോടെ കാർ കണ്ട പാന്റേഷനിലെ വാച്ച്മാൻ ബദറുദ്ദീൻ പഴയന്നൂർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ശ്രീകൃഷ്ണപുരം പൊലീസ് എത്തി കാർ കസ്റ്റഡിയിലെടുത്തു. കാറിലെ സീറ്റുകൾ ഉൾപ്പെടെ ആക്രമികൾ കുത്തിക്കീറിയിട്ടുണ്ട്. വിരലടയാളവിദ​ഗ്ധർ സ്ഥലത്തെത്തി കാർ പരിശോധിച്ചു. തട്ടിക്കൊണ്ടുപോയ കാറിൽ ഉണ്ടായിരുന്ന മൂന്നു ഫോണുകളിൽ ഒരു ഐ ഫോൺ അടയ്‌ക്കാപുത്തൂർ കല്ലുവഴി റോഡിൽനിന്ന്‌ വഴിയാത്രക്കാരന് കിട്ടിയത് പൊലീസിന് കൈമാറി. പ്രതികൾക്കായി അന്വേഷണം ഊർജിതമായി തുടരുന്നുണ്ടെന്ന്‌ ശ്രീകൃഷ്ണപുരം എസ്എച്ച്ഒ കെ എം ബിനീഷ് പറഞ്ഞു.

കസ്റ്റഡിയിലെടുത്ത കാറും ഫോണും കോടതിയിൽ ഹാജരാക്കും. ചെന്നൈയിൽ ഹോട്ടൽ, ബേക്കറി ബിസിനസ് പാർട്ണർമാരായ തിരൂരങ്ങാടി ചെമ്മാട് സ്വദേശികളായ മുഹമ്മദാലിയും കരിപ്പറമ്പത്ത്‌ വീട്ടിൽ നിസ്സാർ, ചെമ്മലപാറ വീട്ടിൽ യഹിയാസ് എന്നിവർ ചെന്നൈയിൽനിന്ന്‌ തിരൂരങ്ങാടിയിലേക്കുള്ള യാത്രയ്ക്കിടെ ചൊവ്വാഴ്ച രാവിലെയാണ് അക്രമിസംഘം കാർ തട്ടിയെടുത്തത്. തിരൂരങ്ങാടി നഗരസഭയിലെ കൗൺസിലറാണ്  മുഹമ്മദാലി.