ഓട്ടിസം കേന്ദ്രത്തിലേക്ക്‌ വിദ്യാർഥികളെ കൊണ്ടുവരുന്ന രക്ഷിതാക്കൾക്ക് ഇനി കൂട്ടിന് പുസ്തകങ്ങൾ.

Friday, 15 Sep, 2023   HARITHA SONU

ശ്രീകൃഷ്ണപുരം : ഓട്ടിസം കേന്ദ്രത്തിലേക്ക്‌ വിദ്യാർഥികളെ കൊണ്ടുവരുന്ന രക്ഷിതാക്കൾക്ക് ഇനി കൂട്ടിന് പുസ്തകങ്ങൾ. ചെർപ്പുളശ്ശേരി ബി. ആർ. സി യുടെ ശ്രീകൃഷ്ണപുരം ഓട്ടിസം കേന്ദ്രത്തിൽ രക്ഷിതാക്കൾക്കായുള്ള വായനാങ്കണം ഗ്രന്ഥശാലദിനത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സുകുമാരൻ ഉദ്ഘാടനംചെയ്തു. ബ്ളോക്ക് പ്രോഗ്രാം കോ- ഓർഡിനേറ്റർ എൻ. പി പ്രിയേഷ് അധ്യക്ഷനായി. സാഹിത്യകാരൻ ശ്രീകൃഷണപുരം കൃഷ്ണൻകുട്ടി മുഖ്യാതിഥിയായി. നൂറോളം പുസ്തകങ്ങളാണ് ആദ്യഘട്ടത്തിൽ വായനാങ്കണത്തിലുള്ളത്. വിവിധ മേഖലകളിൽനിന്ന് പുസ്തകങ്ങൾ സമാഹരിച്ചാണ് വായനാങ്കണത്തിന് തുടക്കം കുറിച്ചത്.

രക്ഷിതാക്കളുടെ മാനസിക സമ്മർദം കുറയ്ക്കുന്നതിനും വായനയെ പരിപോഷിപ്പിക്കുന്നതിനുമാണ് വായനാങ്കണം ഒരുക്കിയതെന്ന് അധികൃതർ പറഞ്ഞു. മുപ്പതോളം വിദ്യാർഥികളാണ് ഇവിടെ പരിശീലനത്തിനെത്തുന്നത്. ഇവരെ പരിശീലിപ്പിക്കുന്നതിന് മൂന്ന് സ്‌പെഷ്യൽ അധ്യാപകരും പിന്തുണ നൽകുന്നതിന് സെൻറർ സപ്പോർട്ടിങ്‌ കമ്മിറ്റിയും നിലവിലുണ്ട്. ലൈബ്രറി കൗൺസിൽ ജില്ലാ നിർവാഹകസമതി അംഗം പി. സി ശിവശങ്കരൻ, എം. കെ പ്രദീപ്, ലൈബ്രറി സ്വീറ്റ് സെക്രട്ടറി എ. പി കേലു, പി. ജംഷീന, എബിൻ ബേബി, എച്ച്. ശ്രീജിത്ത്, എ. ദീപിക, ടി. ശ്രീലത, സി. ശാലിനി എന്നിവർ സംസാരിച്ചു.