മണ്ണാർക്കാട് : മഴയോടൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ അലനല്ലൂർ മേഖലയിൽ മരങ്ങൾ വീണ് നാശനഷ്ടം. പലയിടത്തും ഗതാഗതവും തടസ്സപ്പെട്ടു. മണ്ണാർക്കാട് ടിപ്പുസുൽത്താൻ-കോങ്ങാട് റോഡിലെ മുക്കണ്ണത്തും മരം വൈദ്യുതലൈനിന് മുകളിലേക്ക് പൊട്ടിവീണു. വ്യാഴാഴ്ച വൈകീട്ടുണ്ടായ കാറ്റിലും മഴയിലുമാണ് അലനല്ലൂർ പഞ്ചായത്തിൽ രണ്ടിടത്തായി മരങ്ങൾ കടപുഴകിയും പൊട്ടിയും വൈദ്യുതലൈനിന് മുകളിലേക്ക് വീണത്. വെട്ടത്തൂർ-പെരിന്തൽമണ്ണ റോഡിൽ വാഴേങ്ങല്ലി അങ്കണവാടിക്കുസമീപമാണ് സ്വകാര്യവ്യക്തിയുടെ സ്ഥലത്തെ കൂറ്റൻ തേക്കുമരം കടപുഴകിവീണത്. 33 കെ.വി. ലൈനിനുമുകളിലേക്കാണ് മരം വീണത്. മൂന്ന് വൈദ്യുതത്തൂണുകളും തകർന്നു. ഈ റൂട്ടിൽ ഗതാഗതവും തടസ്സപ്പെട്ടു. വൈദ്യുതിബന്ധവും വിച്ഛേദിക്കപ്പെട്ടു. മണ്ണാർക്കാട് അഗ്നിരക്ഷാസേന സ്ഥലത്തെത്തി മരം മുറിച്ചുനീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
വൈദ്യുതത്തൂണുകൾ തകർന്നതിനാൽ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാനായിട്ടില്ല. ഉണ്ണിയാൽ-മേലാറ്റൂർ റൂട്ടിൽ കള്ളുഷാപ്പ് കവലയ്ക്കുസമീപം വലിയമരം വൈദ്യുതലൈനിന് മുകളിലേക്ക് പൊട്ടിവീണതും അഗ്നിരക്ഷാസേന മുറിച്ചുനീക്കി. ഈ റൂട്ടിലും ഗതാഗതം തടസ്സപ്പെട്ടിരുന്നു. ടിപ്പുസുൽത്താൻ-കോങ്ങാട് റൂട്ടിൽ മുക്കണ്ണത്ത് റോഡരികിലെ പുളിമരം വൈദ്യുതലൈനിനുമുകളിലേക്ക് പൊട്ടിവീഴുകയായിരുന്നു. ഒരുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. അഗ്നിരക്ഷാസേന മരം മുറിച്ചുനീക്കി. സ്റ്റേഷൻ ഓഫീസർ സുൽഫീസ് ഇബ്രാഹിമിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ അബ്ദുൾ ജലീൽ, ഷബീർ, മഹേഷ്, ടിജോ, സന്ദീപ് തുടങ്ങിയവർ രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തു.