അട്ടപ്പാടിയിൽ ബ്രിഡ്ജ് കോഴ്സിലൂടെ ഊരുകളിലെ വിദ്യാർഥികൾ പഠനം തുടങ്ങി.

Saturday, 05 Jun, 2021  ANOOB NOCHIMA

അഗളി : അട്ടപ്പാടിയിൽ ബ്രിഡ്ജ് കോഴ്സിലൂടെ ഊരുകളിലെ വിദ്യാർഥികൾ പഠനം തുടങ്ങി. ബാലവിഭവകേന്ദ്രം വിദ്യാർഥികളെ ഓൺലൈൻ പഠനത്തിനെത്തിക്കും. ബ്രിഡ്ജ് കോഴ്സ് അധ്യാപകർ ക്ലാസുകളെടുക്കും. അഞ്ച് വർഷമായി കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്താൽ ഊരുതലത്തിൽ കുടുംബശ്രീ ആരംഭിച്ച പദ്ധതിയാണ് ബ്രിഡ്‌ജ്‌ കോഴ്സ്. മറ്റുള്ള ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിച്ചിട്ടുണ്ട്. ഭക്ഷണം, ആരോഗ്യം, ശുചിത്വം, വിദ്യാഭ്യാസം എന്നീ ഘടനയിലൂടെയാണ് പരിപാടി മുന്നോട്ടുപോകുന്നത്. കഴിഞ്ഞ വർഷവും 98 സ്ഥലങ്ങളിലാണ് ഓൺലൈൻ പഠനം സാധ്യമാക്കിയത്. നിരവധി പരിപാടികൾ മാനസികാരോഗ്യത്തിനുവേണ്ടി സംഘടിപ്പിച്ചു.

പല ഊരുകളിലും ടി.വി. റീചാർജ് ചെയ്ത് സ്വന്തം വീട്ടിലും മൊബൈൽ ഫോണിലുമാണ് അധ്യാപികമാർ ക്ലാസുകൾ കാണിച്ചുകൊടുക്കുന്നത്. ഇന്റർനെറ്റ് കിട്ടാത്ത ഊരുകളിൽ ക്ലാസുകൾ മുൻകൂട്ടി പി.ഡി.എഫ്. ഫയലുകളാക്കി നൽകിക്കഴിഞ്ഞു. പഠനം ലളിതമാക്കാൻ ഊരുതലത്തിൽ വാട്സാപ്പ് ഗ്രുപ്പുകളുണ്ടാക്കി കുട്ടികളുടെ പഠനം വിലയിരുത്തും. നിലവിൽ 92 ബ്രിഡ്ജ് കോഴ്‌സുകളിലായി 2,876 കുട്ടികൾ പഠിക്കുന്നണ്ട്. 87 ഊരുകളിലാണ് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിട്ടുള്ളത്.