മലയോരങ്ങളിൽ കനത്ത മഴ: പുഴകളും തോടുകളും കരകവിഞ്ഞു.

Wednesday, 16 Jun, 2021   PM JAFFAR

തിരുവമ്പാടി : മലയോരങ്ങളിൽ കനത്ത മഴ. ഇരുവഴിഞ്ഞിപ്പുഴയുടെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ ലഭിച്ചു. പുഴകളും തോടുകളും കരകവിഞ്ഞു. ചെറുപുഴ ഉൾപ്പെടെ ഇരുവഴിഞ്ഞിപ്പുഴയുടെ വിവിധ കൈവഴികളും നിറഞ്ഞൊഴുകുകയാണ്. മലവെള്ള കുത്തിയൊഴുക്കിൽ തീരങ്ങളിൽ ഇടിച്ചിൽ ഭീഷണി ശക്തമാണ്. അപൂർവം ഇടങ്ങളിൽ മാത്രമേ പുഴയ്ക്ക് സംരക്ഷണ ഭിത്തികൾ ഉള്ളൂ.

തീരങ്ങൾ പുഴയെടുക്കൽ ഭീതിയിലാണ് നിരവധി കുടുംബങ്ങൾ. ഇരുവഴിഞ്ഞിപ്പുഴയുടെ ഉദ്‌ഭവസ്ഥലമായ വെള്ളരിമലയിൽ ബുധനാഴ്ച രാവിലെ കനത്തമഴയാണ് ലഭിച്ചത്. മലവെള്ള കുത്തൊഴുക്ക് ശക്തമായതോടെ അരിപ്പാറ, പതങ്കയം വിനോദ സഞ്ചാരകേന്ദ്രങ്ങളിലെ വെള്ളച്ചാട്ടത്തിന്റെ ഒഴുക്കും പാരമ്യതയിലാണ്. തിരുവമ്പാടി, കൂടരഞ്ഞി, മുക്കം, കാരശ്ശേരി, കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത് അധീനപ്രദേശങ്ങളിലും ഇരുവഴിഞ്ഞി നിറഞ്ഞൊഴുകുകയാണ്. സംഗമ സ്ഥലമായ കൂളിമാട് ചാലിയാറിലും ജലവിതാനം കുത്തനെ ഉയർന്നു.