കോമത്തുകരയിൽ താത്‌കാലികമായുണ്ടാക്കിയ റോഡ് അപകടത്തിൽ.

Friday, 07 Jul, 2023   HARITHA SONU

കൊയിലാണ്ടി : താമരശ്ശേരി-കൊയിലാണ്ടി സംസ്ഥാനപാതയിൽ ദേശീയപാത ബൈപ്പാസ് നിർമാണത്തിന്റെ ഭാഗമായി കോമത്തുകരയിൽ താത്‌കാലികമായുണ്ടാക്കിയ റോഡ് അപകടത്തിൽ. ഇവിടെ മേൽപ്പാത (ഓവർപാസ്) നിർമാണത്തിന് നിലവിലുള്ള സംസ്ഥാനപാത മുറിച്ചുമാറ്റിയിരുന്നു. പുതുതായി മണ്ണിട്ടുയർത്തിയാണ് താത്‌കാലികമായി റോഡ് നിർമിച്ചിരുന്നത്. ഈ റോഡിലാണ് ശക്തമായ മഴയെത്തുടർന്ന് വിണ്ടുകീറിയത്. മണ്ണിടിയുകയും റോഡിന്റെ അരികുകളിൽ വലിയ വിള്ളലുകൾ പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്.

സംസ്ഥാനപാതയായതിനാൽ ഭാരംകയറ്റിയ ലോറികളും ബസുകളും നിരന്തരം പോകുന്ന റോഡാണിത്. താമരശ്ശേരിവഴി വയനാട്ടിലേക്കും ഇതുവഴിയാണ് വാഹനങ്ങൾ പോകുന്നത്. നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമാണത്തിന്റെ ഭാഗമായിട്ടാണ് ഇവിടെ മേൽപ്പാത നിർമിക്കുന്നത്. വാഹനങ്ങൾ വഴിതിരിച്ചുവിടുന്ന താത്കാലിക റോഡിന്റെ വശങ്ങളാണ് കനത്തമഴയെത്തുടർന്ന് ഇടിഞ്ഞുതാണത്. 30 അടിയോളം ഉയരത്തിലാണ് റോഡ് സ്ഥിതിചെയ്യുന്നത്. മഴ തുടരുകയാണെങ്കിൽ ഏതുനിമിഷവും ഈ റോഡ് പൂർണമായും തകരും. തൊട്ടടുത്ത് പാലം നിർമാണത്തിന്റെ കോൺക്രീറ്റിനുമുന്നോടിയായി കമ്പി കെട്ടിക്കൊണ്ടിരിക്കുന്ന പ്രവൃത്തി മഴ തുടങ്ങിയതോടെ നിർത്തിവെച്ചിരിക്കയാണ്.