ഞായറാഴ്ച വൈകീട്ടുണ്ടായ കൊടുങ്കാറ്റിൽ എലിക്കുളം പഞ്ചായത്തിൽ കനത്തനാശം.

Sunday, 25 Apr, 2021   HARITHA SONU

ഉരുളികുന്നം : ഞായറാഴ്ച വൈകീട്ടുണ്ടായ കൊടുങ്കാറ്റിൽ എലിക്കുളം പഞ്ചായത്തിലെ ഉരുളികുന്നം താഷ്‌കൻറ്‌, കുരുവിക്കൂട് മേഖലയിൽ കനത്തനാശം. മരങ്ങൾ ഒടിഞ്ഞുവീണ് വീടുകൾ തകർന്നു. നിരവധി റബ്ബർമരങ്ങളും മറ്റ് കൃഷികളും നശിച്ചു. താഷ്‌കൻറിൽ പുലിയന്നൂർക്കാട്ടിൽ ബിജുമോന്റെ വീട് പ്ലാവ് ഒടിഞ്ഞുവീണ് പൂർണമായി തകർന്നു. സമീപമുള്ള കാക്കനാട്ട് ജോണിന്റെ വീട് ഭാഗികമായി തകർന്നു.

കുരുവിക്കൂട് മൂന്നാനപ്പള്ളിൽ ബിജു, മരുവത്താങ്കൽ ശ്രീധരൻ നായർ, കുറ്റിക്കാട്ട് ബിനോയി എന്നിവരുടെ വീടുകൾക്കും മരം വീണ് ചെറിയ നാശനഷ്ടമുണ്ട്. പെരുമനങ്ങാട്ട് മാത്യൂസിന്റെ വീടിന് സമീപമുള്ള ഷെഡ്ഡിനുമുകളിൽ മരംവീണു. കുരുവിക്കൂട് ഈറ്റോലിൽ ഇ.പി.കൃഷ്ണൻ, ഓണപ്പുംകുന്നേൽ അഭിലാഷ് എന്നിവരുടെ കൃഷികളും നശിച്ചു. കുരുവിക്കൂട്-കപ്പാട് റോഡിലേക്ക് മരം ഒടിഞ്ഞുവീണു. പ്രദേശവാസികളും പാലായിൽനിന്നെത്തിയ അഗ്നിരക്ഷാസേനയും ചേർന്നാണ് മുറിച്ചുനീക്കിയത്. മാണി സി.കാപ്പൻ എം.എൽ.എ., ജില്ലാപഞ്ചായത്തംഗം ജോസ്‌മോൻ മുണ്ടയ്ക്കൽ, പഞ്ചായത്തംഗങ്ങളായ യമുനാ പ്രസാദ്, മാത്യൂസ് പെരുമനങ്ങാട്ട്, എലിക്കുളം വില്ലേജ് ഓഫീസർ എ.എസ്.ഗിരീഷ്‌കുമാർ, കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടേറിയറ്റംഗം പ്രസാദ് ഉരുളികുന്നം എന്നിവർ നാശനഷ്ടമുണ്ടായ സ്ഥലങ്ങൾ സന്ദർശിച്ചു.