ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരി ജലോത്സവം ഇക്കുറിയും നടക്കാനിടയില്ല. ജലമേള നടക്കേണ്ട മനയ്ക്കച്ചിറ പുത്തനാറ്റിലെ പോളയും മാലിന്യവും നീക്കം ചെയ്യാനുള്ള നടപടികൾ എങ്ങുമെത്തിയിട്ടില്ല. ഇതോടെയാണ് ജലോത്സവത്തിന്റെ ട്രാക്ക് തെറ്റിയത്. ജലോത്സവ സമിതി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങിയിരുന്നു. എം. എൽ. എ യുടെ നേതൃത്വത്തിലും യോഗം ചേർന്നിരുന്നു. ഒക്‌ടോബർ എട്ടിന് ചങ്ങനാശ്ശേരി ജലോത്സവം നടത്തായിരുന്നു തീരുമാനം. എ. സി റോഡ് നിർമാണം നടക്കുന്നതാണ് മാലിന്യ നീക്കത്തിന് തടസ്സമാകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ജലോത്സവത്തിനുള്ള ഫണ്ട് കണ്ടെത്തുന്നതിലെ പ്രയാസങ്ങളും ജലോത്സവ സമിതിയെ തളർത്തിയിട്ടുണ്ട്. ഇതോടെ ഇത്തവണയും ജലോത്സവം മുടങ്ങുമെന്ന സൂചനകളാണ് സംഘാടക സമിതിയിലെ പ്രമുഖരിൽ നിന്നും ലഭിക്കുന്ന സൂചനകൾ.