ഉഴവൂർ : ഒരുവർഷത്തിലേറെയായി ഇഴജന്തുക്കളുടെ അടക്കം ആവാസകേന്ദ്രമായിരുന്ന കോഴായിലെ പ്ലാസ്റ്റിക് തരിയാക്കൽ കേന്ദ്രം പ്രവർത്തനം സ്വകാര്യ ഏജൻസി ഏറ്റെടുത്തു. ഇതോടെ പ്ലാസ്റ്റിക് മാലിന്യത്താൽ ചുറ്റപ്പെട്ട പ്ലാസ്റ്റിക് ഷ്രഡിങ് യൂണിറ്റിന് രൂപമാറ്റവുമായി. യൂണിറ്റ് സ്വകാര്യ ഏജൻസിയുടെ സഹകരണത്തോടെയാണ് വിണ്ടും പ്രവർത്തിച്ചുതുടങ്ങിയത്. കോഴായിലെ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാന മന്ദിരത്തിന് സമീപത്താണ് അരക്കോടിയിലധികം രൂപ ചെലവഴിച്ച് ബ്ലോക്ക് പഞ്ചായത്ത് കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റ് സ്ഥാപിച്ചത്. ബ്ലോക്കിലെ എട്ട് പഞ്ചായത്തുകളിലും ശേഖരിക്കുന്ന പ്ലാസ്റ്റിക് തരികളാക്കി മാറ്റുകയായിരുന്നു ഇവിടെ. ഇനി ഇതിനുപകരം പ്രസ് ചെയ്ത് പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിർമിക്കുന്ന യൂണിറ്റുകൾക്ക് കൈമാറുകയാവും. ഇവ ഉപയോഗിച്ച് പ്ലാസ്റ്റിക് പാത്രങ്ങളുടെയും മറ്റും രൂപത്തിൽ വീണ്ടും ജനങ്ങളുടെ കൈകളിലെത്തും. സ്വകാര്യ ഏജൻസിയാണ് കരാറെടുത്തിരിക്കുന്നത്.
ടൺ കണക്കിന് പ്ലാസ്റ്റിക്കാണ് യൂണിറ്റ് പ്രവർത്തിക്കുന്ന കെട്ടിടത്തിന് ചുറ്റിലും കൂട്ടിയിട്ടിരുന്നത്. സ്ഥലമില്ലാത്തതിനാൽ ലോറിയിൽ എത്തിയ പ്ലാസ്റ്റിക് ഇറക്കാൻപോലും സാധിച്ചിരന്നില്ല. പ്രസ് ചെയ്ത് രൂപമാറ്റം വരുത്തിയ മൂന്ന് ലോഡ് പ്ലാസ്റ്റിക് ഇതുവരെ ഉത്പാദന യൂണിറ്റുകൾക്ക് കൈമാറി. വരും ദിനങ്ങളിൽ കൂടുതൽ ജോലിക്കാരെ നിയോഗിച്ച് സംസ്‌കരണം വർധിപ്പിക്കും. ഉഴവൂർ ബ്ലോക്കിലെ എട്ട് പഞ്ചായത്തുകളിൽ ശേഖരിക്കുന്ന പ്ലാസ്റ്റിക് ഇവിടെ എത്തിച്ച് സംസ്‌കരിക്കാം. ആദ്യഘട്ടത്തിൽ തരികളാക്കിയ പ്ലാസ്റ്റിക് റോഡ് നിർമാണത്തിന് ഉപയോഗിക്കാൻ ക്ലീൻ കേരള കമ്പനി ഏറ്റെടുത്തിരുന്നു. പ്ലാസ്റ്റിക് തരികൾ വിൽക്കുമ്പോൾ ബ്ലോക്ക് പഞ്ചായത്തിന് വരുമാനവും ലഭിച്ചിരുന്നു.
പക്ഷേ, ക്ലീൻ കേരള കമ്പനി പിൻമാറിയതോടെ യൂണിറ്റ് പ്രവർത്തനം നിലച്ചു. ഇതിനൊപ്പം മേഖലയിലെ പല പഞ്ചായത്തുകളും ക്ലീൻ കേരള കമ്പനിക്ക് നേരിട്ട് പ്ലാസ്റ്റിക് നൽകിയിരുന്നു. തരികളാക്കിയ പ്ലാസ്റ്റിക് വാങ്ങണമെങ്കിൽ പണം നൽകണമെന്ന നിർദേശവും കമ്പനി മുമ്പോട്ടുവെച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുമൂലം ഇത് മുമ്പോട്ടുപോയില്ല. ഇതോടെ പ്ലാസ്റ്റിക് തരികളാക്കുന്ന പണികളും തരികളാക്കിയ പ്ലാസ്റ്റിക്കിന്റെ വില്പനയും നിലച്ചു. ഇതോടെയാണ് കേന്ദ്രവും പരിസരവും പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞത്.
September 26, 2023
September 22, 2023
September 19, 2023
September 18, 2023
September 17, 2023
September 14, 2023