പിണറായി : അത്യാധുനിക സജ്ജീകരണങ്ങളോടെ നിർമിച്ച പിണറായി കൺവൻഷൻ സെന്റർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷനായി. ജില്ലയിൽ ആദ്യമായാണ് തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ കൺവൻഷൻ സെന്റർ ആരംഭിക്കുന്നത്. നാടിന്റെ വികസന സാംസ്‌കാരിക രംഗങ്ങളിൽ കൺവൻഷൻ സെന്റർ മുതൽക്കൂട്ടാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ വികസന പ്രവർത്തനങ്ങളും ഏറ്റെടുക്കാൻ പ്രാപ്തിയുള്ളവരാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ. കോവിഡ് പ്രതിരോധത്തിൽ ആ മികവ് നാം കണ്ടതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കെ കെ നാരായണൻ മുഖ്യാതിഥിയായി. കെ ജിഷാകുമാരി, ഷൈന വത്സൻ എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ ഉപഹാരം വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ രാജീവൻ, പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗീതമ്മ, ജില്ലാ പഞ്ചായത്തംഗം പി വിനീത, കെ പി അസ്‌ലം, കക്കോത്ത് രാജൻ, കോങ്കി രവീന്ദ്രൻ, കെ ശശിധരൻ, സി എൻ ചന്ദ്രൻ, വി എ നാരായണൻ, ആർ കെ ഗിരിധരൻ, വി കെ ഗിരിജൻ, ടി ഷിബു കരുൺ എന്നിവർ സംസാരിച്ചു. 18.65 കോടി രൂപ ചെലവിലാണ് കൺവൻഷൻ സെന്റർ നിർമിച്ചത്. ഇരുനില കൺവൻഷൻ സെന്ററിൽ 900 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം, 450 പേർക്ക് ഇരിക്കാവുന്ന ഡൈനിങ് ഏരിയ, കിച്ചൺ സംവിധാനം, ജൈവ മാലിന്യ സംസ്‌കരണ യൂണിറ്റ്, വേസ്റ്റ് വാട്ടർ മാനേജ്മെന്റ് സിസ്റ്റം എന്നിവ ഒരുക്കിയിട്ടുണ്ട്. വിവാഹം, സെമിനാർ, കലാപരിപാടികൾ, യോഗങ്ങൾ തുടങ്ങിയവക്കുള്ള സൗകര്യം ഇവിടെയുണ്ട്.
September 25, 2023
September 24, 2023
September 22, 2023
September 19, 2023
September 14, 2023
September 9, 2023