മൂന്നുവർഷത്തിനുശേഷം റോഡിലെ ഓവുചാൽ മൂടി കൈയേറിയ പൊതുമാരാമത്ത് സ്ഥലം ഒഴിപ്പിച്ചു.

Wednesday, 13 Sep, 2023   HARITHA SONU

കിളിയന്തറ : ഇരിട്ടി - വീരാജ്‌പേട്ട അന്തസ്സംസ്ഥാനപാതയിൽ കിളിയന്തറ 32-ൽ കെ. എസ്. ടി. പി റോഡിലെ ഓവുചാൽ മൂടി കൈയേറിയ പൊതുമാരാമത്ത് സ്ഥലം മൂന്നുവർഷത്തിനുശേഷം അധികൃതർ ഒഴിപ്പിച്ചു. നാട്ടുകാരുടെ പ്രതിഷേധവും ഓവുചാലിലൂടെ ഒഴുകേണ്ട വെള്ളം റോഡിൽ പരന്നൊഴുകി സമീപത്തെ വീട്ടുകാർക്കും വാഹനയാത്രയ്ക്കും പ്രയാസം നേരിട്ടതോടെയുമാണ് അധികൃതർ നടപടിയെടുത്തത്. സ്വകാര്യവ്യക്തി ഓവുചാലും സ്ഥലവും കൈയേറി മണ്ണിട്ട് മൂടുമ്പോൾ തന്നെ പ്രദേശവാസികൾ നേരിട്ടും രേഖാമൂലവും പൊതുമരാമത്ത് വകുപ്പിനെ അറിയിച്ചിരുന്നു. റോഡ് നവീകരണഭാഗമായി പുതുതായി നിർമിച്ച 100 മീറ്ററോളം വരുന്ന പുതിയ ഓവുചാലാണ് മണ്ണിട്ടു മൂടിയത്. പറമ്പിലേക്കുള്ള പ്രവേശനകവാടവും നടപ്പാതയും പൊതുമരാമത്ത് സ്ഥലത്തായിരുന്നു.

കൈയേറ്റം വ്യക്തമായിട്ടും പൊതുമരാമത്ത് വകുപ്പിൽനിന്ന് ഒരു നടപടിയും ഉണ്ടായില്ല. പലതവണ പരാതി നൽകിയിട്ടും നടപടിയുണ്ടാകാഞ്ഞതിനെത്തുടർന്ന്‌ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിലുംപെടുത്തിയിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിൽ മേഖലയാകെ വെള്ളക്കെട്ടിലായപ്പോൾ നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങി. ഇതോടെയാണ് പൊതുമരാമത്ത് അധികൃതർ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മൂടിയ ഓവുചാൽ വൃത്തിയാക്കുകയും സ്വകാര്യവ്യക്തിയുടെ പറമ്പിലേക്കുള്ള ഗേറ്റിനോട് ചേർന്ന ഭാഗം പൊളിച്ചുനീക്കുകയും ചെയ്തത്. ഇതിനുവേണ്ടിവന്ന ചെലവ്‌ സ്വകാര്യ വ്യക്തിയിൽനിന്ന് ഈടാക്കാനുള്ള നടപടികളും ആരംഭിച്ചതായി പൊതുമരാമത്ത് അധികൃതർ പറഞ്ഞു.