ശ്രീകണ്ഠപുരം : പണി കഴിഞ്ഞ് മാസങ്ങൾ കഴിയുംമുന്നേ യാത്രചെയ്യാൻ പോലും കഴിയാത്തവിധം തകർന്ന കുറുമാത്തൂർ-കൂനം-കുളത്തൂർ റോഡിന്റെ ശോച്യാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് സജീവ് ജോസഫ് എം.എൽ.എ. പറഞ്ഞു. റോഡിലെ തകർന്ന ഭാഗങ്ങൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നിർമാണത്തിലെ അനാസ്ഥയാണ് പണി കഴിഞ്ഞയുടൻ തകരാൻ കാരണം. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുകയും റോഡിന്റെ പുനർനിർമ്മാണം ഉടൻ തുടങ്ങുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 11.3 കിലോമീറ്ററുള്ള റോഡ് 9.5 കോടി രൂപ ചെലവിലാണ് നവീകരിച്ചത്. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തംഗം കൊയ്യം ജനാർദനൻ, ജില്ലാപഞ്ചായത്തംഗം ടി.സി.പ്രിയ, പഞ്ചായത്തംഗങ്ങളായ രാജീവൻ, കെ.പി.അബ്ദുൾ സത്താർ, ഡി.സി.സി. സെക്രട്ടറി കെ.സി.വിജയൻ, മണ്ഡലം പ്രസിഡന്റ് ബാലകൃഷ്ണൻ, ഷാജു കണ്ടമ്പേത്ത്, ഐബിൻ ജേക്കബ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.