പെരുമ്പാവൂർ : കാലടി സമാന്തര പാലം നിർമ്മാണത്തിനായി പദ്ധതി പ്രദേശത്തിനോട് ചേർന്ന് കിടക്കുന്ന മുഴുവൻ ഭൂമിയും ഏറ്റെടുക്കുമെന്ന് എംഎൽഎമാരായ എൽദോസ് കുന്നപ്പിള്ളിയും റോജി എം ജോണും അറിയിച്ചു. ഈ വിഷയം ചൂണ്ടിക്കാട്ടി കലക്ടർ മുഖേനെ സർക്കാരിന് കത്ത് നൽകും. പാലത്തിനായി ഭൂമി ഏറ്റെടുക്കുമ്പോൾ വീടും സ്ഥലവും നഷ്ടപ്പെടുന്ന പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട എംവി ജയപ്രകാശിൻ്റെ മിച്ചമുള്ള രണ്ടു സെന്റ് ഭൂമി കൂടി ഏറ്റെടുക്കണമെന്ന് നേരത്തെ ആവശ്യമുയർന്നിരുന്നു. ഭുമി ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിച്ചാൽ മാത്രമേ പദ്ധതിയുമായി സഹകരിക്കു എന്ന് സ്ഥല ഉടമകൾ അറിയിച്ചതിനെ തുടർന്നാണ് കളക്ട്രേറ്റിൽ എംഎൽഎമാരുടെ നിർദ്ദേശ പ്രകാരം യോഗം വിളിച്ചു ചേർത്തത്.
സ്ഥലം ഏറ്റെടുത്ത ശേഷവും ബാക്കി വരുന്ന രണ്ട് സെൻ്റ് ഭൂമി ഭാവിയിൽ ഉപയോഗ ശൂന്യമായി കിടക്കുമെന്നതിനാൽ അത് കൂടി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാരിന് കത്ത് നൽകുന്നത്.
കഴിഞ്ഞ ഏപ്രിൽ പത്തിന് നിർമ്മാണം ആരംഭിച്ച പാലത്തിന്റെ കാലടി ഭാഗത്തെ പൈലിങ് ജോലികൾ ഭാഗീകമായി പൂർത്തിയായി. കാലാവർഷം കനത്ത സാഹചര്യത്തിൽ പുഴയിലെ ജലനിരപ്പ് ഉയർന്നതിനാൽ നിർമ്മാണപ്രവർത്തികൾ തടസപ്പെട്ടിരിക്കുകയാണ്. നിലവിലുള്ള പാലത്തിന്റെ അപ്രോച് റോഡ് തുടങ്ങുന്ന ഭാഗത്ത് കനത്ത മഴയെ തുടർന്ന് മണ്ണിടിഞ്ഞിരുന്നു. ഈ ഭാഗത്തെ നിർമ്മാണം ഇതിനോടകം പുനരാരംഭിച്ചിട്ടുണ്ട്. ഷീറ്റ് പൈലിങ് പൂർത്തിയാക്കി വശങ്ങൾ കോൺക്രീറ്റ് ചെയ്തു ഇവിടം പൂർവ്വ സ്ഥിതിയിലാക്കും.
നിലവിലുള്ള പാലത്തിൽ നിന്ന് 5 മീറ്റര്‍ മാറിയാണ് പുതിയ പാലം നിർമ്മാണം പുരോഗമിക്കുന്നത്. 455.4 മീറ്റര്‍ നീളത്തിലും 11 മീറ്റര്‍ വീതിയിലുമാണ് പുതിയ പാലത്തിൻ്റെ നിർമ്മാണം. ഇരുവശങ്ങളിലും 1.5 മീറ്റര്‍ വീതിയില്‍ നടപാത ഉൾപ്പെടെ ആകെ 14 മീറ്റർ വീതിയിലാണ് പാലം നിർമ്മിക്കുന്നത്. പൈൽ ഫൗണ്ടേഷൻ്റെ മുകളിൽ തൂണുകൾ നിർമ്മിച്ചു പ്രസ്ട്രസ്ഡ് ബീമും ആർസിസി ബീമും സ്ലാബുകളുമയിട്ടാണ് പാലം നിർമ്മിക്കുന്നത്.
പുതിയ പാലത്തിന്‍റെ നിര്‍മ്മാണത്തോടൊപ്പം തന്നെ അപ്രോച്ച് റോഡിനാവശ്യമായിട്ടുള്ള ഭൂമി ഏറ്റെടുക്കൽ നടപടികളും പുരോഗമിക്കുകയാണ്. അപ്രോച്ച് റോഡിനായി പെരുമ്പാവൂർ, കാലടി ഭാഗങ്ങളിൽ 50 മീറ്റർ നീളത്തിൽ ബിഎംബിസി നിലവാരത്തിൽ ടാർ ചെയ്യും. ഇരു വശങ്ങളിലും ടൈൽ വിരിച്ചു അപ്രോച്ച് റോഡ് മനോഹരമാക്കുന്നതിനും എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്.
പുതിയ പാലം നിർമ്മാണം എംസി റോഡിലെ ഗതാഗത കുരുക്കിന് പരിഹാരമാകുമെന്നണ് പ്രതീക്ഷിക്കുന്നത്. മധ്യ കേരളത്തിലെ എറ്റവും തിരക്കേറിയ പാതയാണ് എംസി റോഡ് എന്നതിനാൽ കാലടി സമാന്തര പാലം യാത്രികർക്ക് ഏറെ ഗുണകരമാകും. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുളള യാത്രക്കാർക്കും പാലം പ്രയോജനം ചെയ്യും. മൂവാറ്റുപുഴ ആസ്ഥാനമായ അക്ഷയ ബിൽഡേഴ്സ് ആണ് കാലടി സമാന്തര പാലത്തിന്റെ കരാർ ഏറ്റെടുത്ത് നിർമ്മാണം ആരംഭിച്ചിട്ടുള്ളത്.
ഇന്നലെ കളക്ട്രേറ്റിൽ ഉന്നതതല യോഗം ചേർന്ന് പുതിയ പാലത്തിന്റെ നിർമാണ പുരോഗതി വിലയിരുത്തി. കലക്ടർ എൻ.എസ്.കെ ഉമേഷ്, ഭൂമി ഏറ്റെടുക്കൽ വിഭാഗം തഹൽസിദാർ ടോമി സെബാസ്റ്റ്യൻ, കുന്നത്തുനാട് തഹൽസിദാർ ജോർജ് ജോസഫ്, പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗം അസി. എക്സിക്യൂട്ടിവ് എൻജിനിയർ സജ്ന എസ്.ജെ, എന്നിവർ പങ്കെടുത്തു.
July 6, 2023
July 1, 2023
June 24, 2023
September 4, 2021
September 2, 2021
August 31, 2021
August 27, 2021