കാട്ടാന ആക്രമണത്തിനെതിരേ ജനകീയ രാപകൽ സമരം തിങ്കളാഴ്ച : എൽദോസ് കുന്നപ്പിള്ളി എം.എൽ.എ

Saturday, 01 Jul, 2023   P M JAFFAR

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്ത് മേക്കപ്പാല കാട്ടാന ആക്രമണത്തിനെതിരെ ജനകീയ രാപ്പകൽ സമരം സംഘടിപ്പിക്കുന്നു. എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച വൈകീട്ട് 6 മണി മുതൽ ചൊവ്വാഴ്ച രാവിലെ 6 മണി വരെയാണ് സമരം.

മേക്കപ്പാല ഫോറസ്റ്റ് ഓഫീസിന് സമീപം സമരം നടത്തുവാനും പ്രതിഷേധ സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചിരിക്കുകയാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളിലും ഉൾപ്പെട്ട ജനപ്രതിനിധികളും രാഷ്ട്രീയ പ്രവർത്തകരും , വനാതിർത്തി പങ്കിടുന്ന മേഖലയിലെ മുഴുവൻ ആളുകളും സമരത്തിൽ പങ്കെടുക്കും. 

കാട്ടാന ശല്യത്തിൽ നിന്നും ജനങ്ങൾക്ക് സംരക്ഷണം നൽകുക, കർഷകർക്കും പരിക്കേറ്റവർക്കും നഷ്ടപരിഹാരം നൽകുക, വന അതിർത്തിയോട് ചേർന്ന മുഴുവൻ പ്രദേശത്തും ഫെൻസിംഗ് സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം സംഘടിപ്പിക്കുന്നതെന്ന് എംഎൽഎ പറഞ്ഞു.

2016 ൽ അന്നത്തെ വേങ്ങൂർ പഞ്ചായത്ത് മെമ്പർ ജോൺ എബ്രഹാം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇന്നലെ അരുവപ്പാറ കൊടവത്തൊട്ടി രാഘവന് കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ കുറച്ചു നാളുകളായി പലരുടെയും കൃഷിയിടങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാണ്.

30 കിലോമീറ്റർ ദൂരമെങ്കിലും ഫെൻസിങ് സ്ഥാപിച്ചാൽ മാത്രമേ ഈ പ്രശ്നത്തിന് പരിഹരമാകുകയുള്ളു. ഈ കാര്യത്തിൽ വേണ്ടത്ര ഗൗരവം വനം വകുപ്പ് കൊടുക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് ജനകീയ പ്രതിഷേധ സദസ്സ്‌ സംഘടിപ്പിക്കുന്നത്.