ഇന്ത്യയിൽ ഒരു രോഗിക്കും രക്തം ദാനമായി കിട്ടുന്നില്ല

Wednesday, 28 Jun, 2023   P M JAFFAR

 "രക്തദാനം ജീവൻ ദാനം" ഈ വാചകത്തിന് ഒരു പൂർണത ആകണമെങ്കിൽ രക്തം സ്വീകരിച്ച ആൾക്ക് രക്തം ദാനമായി കിട്ടുമ്പോൾ ആണ്. ഇന്ത്യയിൽ ഒരു രോഗിക്കും രക്തം ദാനമായി കിട്ടുന്നില്ല. ഒരാൾ ഒരു ബ്ലഡ് ബാങ്കിൽ നൽകുന്ന രക്തം ആ ബ്ലഡ് ബാങ്കിനാണ് ദാനമായി കിട്ടുന്നത്. ആ രക്തം രോഗിക്ക് കിട്ടണമെങ്കിൽ വലിയ ഒരു തുക നൽകേണ്ടിവരുന്നു.

ഇന്ത്യയിലെ നിയമപ്രകാരം രക്തത്തിന് ചാർജ് ഈടാക്കാം ഗവർമെന്റ് ബ്ലഡ് ബാങ്കുകളിൽ 450 രൂപ ഈടാക്കുന്നു അത് ടെസ്റ്റിംഗ് ചാർജാണ്. ബ്ലഡ് ബാങ്കിൽ സ്വീകരിക്കുന്ന രക്തത്തിലെ എച്ച് ഐ വി, ഹെപ്പാറ്റിറ്റീസ് എന്നി മാരകമായ രോഗാണുക്കൾ ഉണ്ടോ എന്നാണ് പരിശോധിക്കുന്നത്. ഇതേ ടെസ്റ്റ് തന്നെയാണ് പ്രൈവറ്റ് ഹോസ്പിറ്റൽ ബ്ലഡ് ബാങ്കുകളിൽ ചെയ്യുന്നത്. അതിനായി ഭീമമായ തുകയാണ് രോഗികളിൽ നിന്നും ഈടാക്കുന്നത്.

ഒരാളുടെ ശരീരത്തിൽ നിന്ന് എടുക്കുന്ന 450 എം എൽ രക്തത്തിൽ നിന്നും ഘടകങ്ങളായ  റെഡ് സെൽ, വൈറ്റ് സെൽ, പ്ലേറ്റിലേറ്റ്, പ്ലാസ്മ, ക്രയോ വേർതിരിച്ചെടുത്ത് 5 രോഗികൾക്ക് നൽകുമ്പോൾ ഏകദേശം 5,000 മുതൽ 15,000 രൂപയോളം ഒരു പ്രൈവറ്റ് ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിന് ലഭിക്കുന്നത്. ഒരു ഗവൺമെന്റ് ബ്ലഡ് ബാങ്ക് ഇതിനെല്ലാം കൂടി ഈടാക്കുന്നത് 2000 രൂപയിൽ താഴെയാണ്. 

എല്ലാ മേഖലയും കാലഘട്ടത്തിനനുസരിച്ച് മാറ്റങ്ങൾ ഉണ്ടാകുന്നു എന്നാൽ രക്തദാന മേഖലയിൽ ഇന്നും പഴഞ്ചൻ സിസ്റ്റമാണ് പ്രവർത്തിക്കുന്നത്. ഏത് കാലഘട്ടത്തിലാണെങ്കിലും മിഡിൽ ക്ലാസ് ഫാമിലിയിൽ നിന്നുള്ള ആളുകളാണ്  രക്തദാന മേഖലയിൽ പ്രവർത്തിക്കുന്നത്. ഒരാൾക്ക് രക്തം ആവശ്യം വന്നാൽ ഇവർ അവരുടെ ജോലി സമയത്തിൽ നിന്ന് കിട്ടുന്ന ചെറിയ ഇടവേളകളിൽ നിന്ന് സമയം കണ്ടെത്തി രക്തദാതാക്കളെ കണ്ടെത്തുന്നതും, രക്തം നൽകി രോഗികളെ സഹായിക്കുകയും ചെയ്യുന്നത്. എന്നാൽ ഇവർ അയക്കുന്ന രക്തദാതാക്കളുടെ രക്തം വലിയ വിലക്കാണ് പാവപെട്ട രോഗികൾക്ക് വിൽക്കുന്നത് എന്നും, ഈ സംഘടന പ്രവർത്തകർ കുത്തക ബ്ലഡ് ബാങ്കുകളുടെ ഏജന്റ് എന്ന വിവരവും ഇവർ അറിഞ്ഞോ അറിയാതെയോ മറക്കുന്നു. എല്ലാ വർഷവും ഈ സംഘടന പ്രവർത്തകർക്ക് ഓരോ മെമന്റോ വീതം നൽകി അവരെ കുത്തക ബ്ലഡ് ബാങ്കുകൾ സംരക്ഷിച്ചു പേരുന്നു അതിൽ അവർ സന്തോഷിക്കുന്നു ഒപ്പം സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിച്ച് ഒരു വലിയ മനുഷ്യസ്നേഹി ആണെന്ന് സമൂഹത്തെ അറിയിക്കുന്നു. എന്നാൽ ഇതുവരെ ഒരു സംഘടനയും ഈ കുത്തക ബ്ലഡ് ബാങ്കുകൾക്കെതിരെ സംസാരിച്ചിട്ടില്ല, ചർച്ച ചെയ്തിട്ടുമില്ല, അതിനെതിരെ പ്രതികരിച്ചും കണ്ടില്ല.   

 കേരളത്തിൽ രക്തദാന സംഘടനകൾ തമ്മിൽ മത്സരമാണ് ഇന്ന് നടക്കുന്നത് ഒരു സംഘടനകൾ തമ്മിലും ഐക്യം ഇല്ല. സംഘടനകൾ സംഘടനയുടെ പബ്ലിസിറ്റിയും, അതിലെ വ്യക്തികൾ അവരുടെ വ്യക്തിപരമായ പബ്ലിസിറ്റിക്കും വേണ്ടി സമയം ചെലവാക്കുന്നു ഈ ഐക്യമില്ലായിമ, അറിവില്ലായിമ രോഗികളുടെ ബന്ധുക്കളും, കുത്തക ബ്ലഡ് ബാങ്കുകളും മുതലെടുക്കും. രോഗികൾ അവരുടെ ബന്ധുക്കളെ ഉപയോഗിക്കാതെ രക്തത്തിനായി ഇങ്ങനെയുള്ള സംഘടനകളെ ഉപയോഗിക്കുന്നു. രക്ത ബാങ്കുകൾ ക്യാമ്പുകൾ നടത്തി കിട്ടുന്ന രക്തം രോഗികൾക്ക് കൊടുക്കണം എന്നാണ് നിയമം, പകരം രക്തത്തിനായി രോഗിയെയോ, അവരുടെ ബന്ധുക്കളെയോ സമ്മർദ്ദം ചെലുത്താൻ പാടില്ലാത്തതുമാണ്. ചികിത്സയിൽ ഇരിക്കുന്ന ഹോസ്പിറ്റലിൽ രോഗിക്ക് വേണ്ട രക്തം ഇല്ലായെങ്കിൽ അടുത്തുള്ള ഗവൺമെന്റ് ബ്ലഡ് ബാങ്കിൽ നിന്നും നിയമപരമായി ബ്ലഡ് എടുക്കാം. തിരുവനന്തപുരം ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് കേരളത്തിലെ വലിയ ഒരു ഉദാഹരണമാണ് ഈ ഹോസ്പിറ്റൽ രോഗികളിൽ നിന്ന് പകരം ബ്ലഡ് ആവശ്യപ്പെടാറില്ല. ഹോസ്പിറ്റലിനുവേണ്ട രക്തം അവർ ക്യാമ്പുകൾ നടത്തിയും, വോളണ്ടറി രക്തദാതാക്കളെ വിളിച്ചുവരുത്തി രക്തം എടുത്ത് രോഗികൾക്ക് നൽകുന്നു.    

ഗവർമെന്റ് ബ്ലഡ് ബാങ്കുകൾ ബ്ലഡ് ഡൊനേഷൻ ക്യാമ്പുകൾ നടത്തി സാമ്പത്തികമായി ബുദ്ധിമുട്ടുന്ന രോഗികൾക്ക് അവർ ചികിത്സയിൽ കഴിയുന്ന ഗവർമെന്റ്, ഇടത്തരം പ്രൈവറ്റ് ഹോസ്പിറ്റലിലും വളരെ ചെറിയ തുകക്ക് രക്തവും, രക്തഘടകങ്ങളും നൽകിവരുന്നു. എന്നാൽ ഗുരുതരമായ രോഗങ്ങൾക്കും, മേജർ സർജറിക്കും കുത്തക ഹോസ്പിറ്റലുകളിൽ ചികിത്സ തേടുമ്പോൾ അവർക്ക് ധാരാളം രക്തം ആവശ്യമായി വരുന്നു. ഈ രക്തത്തിനായി ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് ആവശ്യപ്പെടുന്ന എണ്ണം രക്തദാതാക്കളെ അവരുടെ ബ്ലഡ് ബാങ്കിൽ എത്തിച്ചുനൽകണം. രോഗിക്കുവേണ്ട രക്തം രോഗിക്ക് ഗവർമെന്റ്, എൻ ജി ഒ ബ്ലഡ് ബാങ്കുകളിൽ നിന്നും എടുക്കാൻ നിയമമുണ്ട് അതിന് രോഗിയെ ഇവർ അനുവദിക്കില്ല അതിനു കാരണം ബ്ലഡിൽ നിന്നും അവർക്ക് കിട്ടേണ്ട ലാഭം നഷ്ടപ്പെടും. 

മഴക്കാലം വന്നാൽ സംസ്ഥാനത്ത് ഡെങ്കി പനി വ്യാപകമാകുമ്പോൾ  പനി ബാധിച്ച രോഗിക്ക് പ്ലേറ്റലെറ്റ് കുറയുകയും വളരെ പെട്ടന്ന് മരണംവരെ സംഭവിക്കുന്നു. കുറഞ്ഞത് 5 യൂണിറ്റ് പ്ലേറ്റലെറ്റ് ശരീരത്തിൽ കയറ്റിയാൽ മാത്രമേ രോഗിയുടെ ഗുരുതരാവസ്ഥ തരണം ചെയ്യാൻ സാധിക്കുകയുള്ളു. 5 യൂണിറ്റ് പ്ലേറ്റലെറ്റ് കിട്ടണമെങ്കിൽ 25 പേരുടെ രക്തം വേണ്ടിവരും. ഗുരുതരാവസ്ഥ വന്നിരിക്കുന്ന ഒരു രോഗിയുടെ ബന്ധുക്കൾ വളരെ കഷ്ടപ്പെട്ട് 25 ഡോണേഴ്‌സിനെ എത്തിച്ച് നൽകുന്നത്. ഈ രക്തം എടുത്ത് ഘടകങ്ങൾ വേർതിരിച്ച് പ്ലേറ്റലെറ്റ് രോഗിക്ക് കിട്ടണമെങ്കിൽ കുറഞ്ഞത് 3 മുതൽ 4 മണിക്കൂർ സമയമെടുക്കും. തൊട്ടടുത്ത 
എൻ ജി ഒ, ഗവർമെന്റ് ബ്ലഡ് ബാങ്കുകളിൽ ചെന്നാൽ എല്ലാ രീതിയിലും തയാറായി ഇരിക്കുന്ന പ്ലേറ്റലെറ്റ് ഉണ്ടാകും പക്ഷേ അതെടുക്കാൻ കുത്തക പ്രൈവറ്റ് ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് രോഗിയെ അനുവദിക്കില്ല. 25 പേരിൽ നിന്നും എടുത്ത രക്തത്തിൽ നിന്നും വേർതിരിക്കിച്ചെടുത്ത 5 യൂണിറ്റ് പ്ലേറ്റലെറ്റിന് 15,000 രൂപ ആ രോഗിയിൽ നിന്നും ഈടാക്കും. ഈ രോഗിക്ക് വേണ്ടി 25 പേർ ബ്ലഡ് കൊടുത്തപ്പോൾ 5 യൂണിറ്റ് പ്ലേറ്റലെറ്റ് മാത്രമാണ് ഈ ഡെങ്കി ബാധിച്ച രോഗിക്ക് വേണ്ടിവന്നത്. ആ 25 പേരുടെ രക്തത്തിലെ മറ്റു ഘടകങ്ങൾ മറ്റു ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് നൽകുന്നു. അവരോടും രക്തദാതാക്കളെ എത്തിക്കാൻ പറയും, ഇങ്ങനെ അനന്തമില്ലാതെ ഈ പ്രക്രിയ നടന്നുകൊണ്ടിരിക്കും. അങ്ങനെ പല അസുഖങ്ങളിലൂടെ ചികിത്സയിൽ കഴിയുന്ന രോഗികളിൽ നിന്ന് വലിയ ഒരു തുക രക്തത്തിലൂടെ കുത്തക ഹോസ്പിറ്റലുകൾ ഉണ്ടാക്കുന്നു. ഇങ്ങനെ ആർക്കോ വേണ്ടി രക്തം നല്കാൻ സ്വന്തം സമയവും, പണവും നഷ്ടപ്പെടുത്തി ഈ കുത്തക ബ്ലഡ് ബാങ്കുകളിൽ എത്തുമ്പോൾ ഒരു കറവ പശുവിനെ കാണുന്നതുപോലെയാണ് ബ്ലഡ് ബാങ്ക് സ്റ്റാഫുകൾ ഓരോ രക്തദാതാക്കളെയും കാണുന്നത്, ഹോസ്പിറ്റൽ നിശ്ചയിച്ചിട്ടുള്ള ബ്ലഡ് ബാങ്ക് സമയത്തിൽ ഒന്നോ, രണ്ടോ മിനിറ്റ് താമസിച്ചാൽ അവരെ മടക്കി അയക്കുന്ന ബ്ലഡ് ബാങ്കുകളും ഇന്ന് ഈ കേരളത്തിൽ ഉണ്ട്. 

രോഗികൾക്ക് വേണ്ടി രക്തദാതാക്കളെ ഏകോപിപ്പിച്ച് നിർത്തി കൃത്യമായ  ഇടവേളകളിൾ അവരെക്കൊണ്ട് രക്തദാനം ചെയ്യിപ്പിച്ചും നിലകൊള്ളുന്ന സംഘടനകളെയും, രക്തദാതാക്കളെയും പുച്ഛത്തോടെയും, അവരുടെ പരാതികൾ ചെവിക്കൊള്ളാൻ തയാറാകാത്തത്തുമായ കുത്തക ബ്ലഡ് ബാങ്കുകൾക്ക് തക്കതായ മറുപടി നല്കാൻ ഓൾ ഇന്ത്യ ബ്ലഡ് ഡോണേഴ്സ് അസ്സോസിയേഷന്റെ കേരള ഘടകത്തിന്റെ ഓൺലൈൻ മീറ്റിങ്ങിൽ തീരുമാനമായി. നിയമങ്ങൾ പാലിക്കാതെയും, മനുഷ്യത്വപരമായ സമീപനം സ്വീകരിക്കാത്തതുമായ പ്രൈവറ്റ് ഹോസ്പിറ്റൽ ബ്ലഡ് ബാങ്കുകളിൽ ഓൾ ഇന്ത്യ ബ്ലഡ് ഡോണേഴ്സ് അസ്സോസിയേഷന്റെ കേരളത്തിലെ രക്തദാതാക്കൾ രക്തം നൽകാതെ എൻ ജി ഒ, ഗവൺമെന്റ് ബ്ലഡ് ബാങ്കുകളിൽ മാത്രമേ രക്തദാനം നടത്തു എന്ന കടുത്ത തീരുമാനം എടുക്കാൻ തീരുമാനമായി. സമൂഹത്തിലെ പാവപെട്ട രോഗികൾക്ക് വേണ്ടി മറ്റു രക്തദാന സംഘടനകളും, അതിലെ രക്തദാതാക്കളും മുന്നോട്ട് വരുമെന്ന്  ഓൾ ഇന്ത്യ ബ്ലഡ് ഡോണേഴ്സ് അസ്സോസിയേഷന്റെ കേരള ഘടകം പ്രത്യാശിക്കുന്നു.  കുത്തക ബ്ലഡ് ബാങ്കുകൾക്ക് അവർക്ക് വേണ്ട ബ്ലഡ് എൻ ജി ഒ, ഗവൺമെന്റ് ബ്ലഡ് ബാങ്കുകളിൽ നിന്നും എടുത്ത് രോഗികൾക്ക് ഗവൺമെന്റ് ബ്ലഡ് ബാങ്ക് ചാർജിൽ നല്കണം, അല്ലെങ്കിൽ രോഗിയുടെ ബന്ധുമിത്രാതികൾക്ക് അവിടെനിന്നും വാങ്ങാൻ അനുവാദം നൽകണം. എല്ലാ ബ്ലഡ് ബാങ്കുകളും രക്തത്തിന്റെയും, രക്തഘടകങ്ങളുടെയും വിലവിവരം ബ്ലഡ് ബാങ്കുകളിൽ പരസ്യമായി പ്രദര്ശിപ്പിക്കണമെന്ന നിയമം പാലിക്കണം. 05.08.2015 ൽ നാഷണൽ എയ്ഡ്സ് കണ്ട്രോൾ ഓർഗനൈസേഷൻ അഡിഷണൽ സെക്രട്ടറി നവരീത് സിംഗ് കാങ് ഐ എ സ് പുറത്തിറക്കിയ നോട്ടിഫിക്കേഷനിൽ പറയുന്നത് ഏത് ബ്ലഡ് ബാങ്കിൽ നിന്നും ഏത് ബ്ലഡ് ബാങ്കില്ലേക്കും രക്തവും, രക്തഘടകങ്ങളും കൈമാറാം. ഇങ്ങനെ ഒരു നോട്ടിഫിക്കേഷൻ ഇറക്കാൻ കാരണം പല പ്രൈവറ്റ്, ഗവർമെന്റ്, എൻ ജി ഒ ബ്ലഡ് ബാങ്കുകളിൽ ക്യാമ്പ് നടത്തി ശേഖരിക്കുന്ന രക്തവും, രക്തഘടകങ്ങളും ആവശ്യക്കാരില്ലാതെ കാലഹരണപ്പെടുന്നതുകൊണ്ടാണ്.

 വൻകിട ബ്ലഡ് ബാങ്കുകൾ സമൂഹനന്മക്ക് വേണ്ടി ബ്ലഡ് ട്രാൻഫ്യൂഷൻ നിയമങ്ങൾ കൃത്യമായി പാലിച്ച്  മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാകണം. 

ജെ.സി.ഐ. എംപവറിങ് യൂത്ത് ദിനാചരണത്തിന്റെ ഭാഗമായി രക്തദാനക്യാമ്പ് നടത്തി.

July 31, 2023

ചിറക്കര ഗവ. ഹൈസ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

July 14, 2023

AB+ അഞ്ചു പേരുടെ രക്തം ആവശ്യമുണ്ട്.

July 11, 2023

എറണാകുളം ലിസി ഹോസ്പിറ്റലിൽ ലിവർ മാറ്റിവക്കൽ ശസ്ത്രക്രിയക്ക് 17 പേരുടെ രക്തം ആവശ്യമുണ്ട്.

July 5, 2023

രക്തം നൽകുക - നിങ്ങൾക്ക് എപ്പോൾ ആവശ്യമായി വരുമെന്ന് നിങ്ങൾക്കറിയില്ല.

July 1, 2023

ആലുവ രാജഗിരിയിൽ 2 പേരുടെ O+ രക്തം ആവശ്യമുണ്ട്.

June 30, 2023

അദാനി യു.പി.സി.എൽ സംഘടിപ്പിക്കുന്ന “ഗോ-റെഡ്”, ബ്ലഡ് ഡൊണേഷൻ ഡ്രൈവ്

June 27, 2023

ജെ കെ ഓർഗനൈസേഷൻ രക്തദാന ക്യാമ്പുകൾ നടത്തി

June 27, 2023

ആശുപത്രികളിൽ ആവശ്യത്തിന് രക്തം ഉറപ്പാക്കാൻ രക്തദാന ക്യാമ്പുകൾ നടത്തുമെന്ന് ത്രിപുര മുഖ്യമന്ത്രി മണിക് സാഹ

June 26, 2023