കടലിൽ വേലിയേറ്റം മൂലം ഏലാത്തോടിലൂടെ പുരയിടങ്ങളിലേക്കു വെള്ളം കയറി.

Monday, 28 Jun, 2021   PM JAFFAR

വർക്കല : താഴെവെട്ടൂർ പ്രദേശത്ത് കടലിൽ വേലിയേറ്റം മൂലം ഏലാത്തോടിലൂടെ പുരയിടങ്ങളിലേക്കു വെള്ളം കയറി. പോലീസും അഗ്നിരക്ഷാസേനയയും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി പൊഴി മുറിച്ചു. താത്‌കാലിക തടയണകൾ സ്ഥാപിക്കുകയും ചെയ്തു. ഇതോടെ വീടുകളിൽ വെള്ളം കയറുന്നത് ഒഴിവാക്കാനായി. തീരദേശ മേഖലയായ താഴെവെട്ടൂർ ഭാഗത്തെ ജനവാസ മേഖലയിൽ വേലിയേറ്റസമയങ്ങളിൽ ഏലാത്തോടിലൂടെ വെള്ളം കയറുന്നതു പതിവാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് ശക്തമായ തിരമാലകൾ ഉയർന്നത്. കടലിനും ടി.എസ്. കനാലിനും മധ്യേയാണ് ഏലാത്തോട്.

തോടിന്റെ സമീപത്തുള്ള പുരയിടങ്ങളിലും വെള്ളംകയറി. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി നടപടികൾ തുടങ്ങി. വീടുകളിൽ വെള്ളം കയറുന്നത് ഒഴിവാക്കുന്നതിനായി പഞ്ചായത്ത് അധികൃതർ തന്നെ മണ്ണുമാന്തിയന്ത്രമുപയോഗിച്ച് പൊഴി മുറിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. പൊഴി മുറിച്ച് വെള്ളം കടലിലേക്ക് ഒഴുക്കിവിട്ടു. തോട്ടിൽനിന്നു പുരയിടങ്ങളിൽ വെള്ളം കയറുന്നത് ഒഴിവാക്കാൻ താത്‌കാലിക തടയണകളും നിർമിച്ചാണ് പ്രതിസന്ധി ഒഴിവാക്കിയത്.

താഴെവെട്ടൂർ ജങ്ഷനും കടലിനും മധ്യേ ഏലാത്തോടിനു സമീപം താമസിക്കുന്ന വീടുകളിലേക്ക് ശക്തമായ വേലിയേറ്റസമയത്തും മഴക്കാലത്തും വെള്ളം കയറുന്നത് പതിവാണ്. മുമ്പ് വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ഇതിനു പരിഹാരമായി തടയണ നിർമാണത്തിനായി എം.എൽ.എ. ഫണ്ടിൽനിന്നു തുക അനുവദിച്ചിട്ടുണ്ടെങ്കിലും നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടില്ല. തടയണ നിർമാണത്തിന് ആവശ്യമായ സാമഗ്രികൾ ഇവിടെ എത്തിക്കുന്നതിന് ആവശ്യമായ ഗതാഗതസൗകര്യം ഇല്ലാത്തതാണ് തടസ്സമാകുന്നത്. അതിനാൽ കരാർ ഏറ്റെടുക്കൻ ആരും മുന്നോട്ടുവരുന്നില്ല. കരാർ നടപടികൾ പൂർത്തീകരിച്ച് നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. സ്ഥിരമായി പ്രദേശത്ത് വെള്ളം കയറുന്ന അവസ്ഥ ഒഴിവാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.