പേട്ടയില്‍ രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതി പിടിയില്‍

Sunday, 03 Mar, 2024  News Desk

തിരുവനന്തപുരം: പേട്ടയില്‍ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും ഒപ്പം ഉറങ്ങിക്കിടന്ന രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം ഡിസിപി നിധിൻ രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കൊല്ലത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. ബിഹാര്‍ സ്വദേശികളുടെ കുഞ്ഞിനെയാണ് കാണാതായത്.

രണ്ടാഴ്ച മുമ്പായിരുന്നു സംഭവം. 20 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപത്തു നിന്നുള്ള ഓടയിൽ നിന്ന് കുട്ടിയെ കണ്ടെത്തുന്നത്.

കണ്ടെത്തിയ ശേഷം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രണ്ട് വയസകാരിയെ തൈക്കാട് ശിശുക്ഷേമ സമിതിയിലേക്ക് മാറ്റിയിരുന്നു. കുട്ടിയുടെ സുരക്ഷ പരിഗണിച്ചായിരുന്നു മാറ്റം. സഹോദരങ്ങളും കുട്ടിയോടൊപ്പം ശിശുക്ഷേമ സമിതിയിലുണ്ട്. എന്നാൽ കുട്ടിയെക്കുറിച്ചുള്ള രേഖ മാതാപിതാക്കളുടെ കൈവശം കാണാത്തതിനെത്തുടർന്ന് കുട്ടിയുടെയും പിതാവിന്റെയും രക്തസാമ്പിളുകൾ ശേഖരിച്ച് പരിശോധിച്ചിരുന്നു.

14 ദിവസത്തിന് ശേഷം സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് വഴിത്തിരിവായത്. കുട്ടിയെ ഉപദ്രവിക്കുക എന്ന ലക്ഷ്യത്തോടെയാണ് തട്ടിക്കൊണ്ടുപോയത്. കുട്ടി കരഞ്ഞതോടെ ഇയാൾ വായ പൊത്തിപ്പിടിച്ചു. കുഞ്ഞിന്റെ ബോധം മറഞ്ഞതോടെയാണ് ഓടയിൽ ഉപേക്ഷിച്ചത്. പ്രതി മലയാളി തന്നെയാണെന്നാണ് പുറത്തുവരുന്ന വിവരം. കുട്ടിയെ ഉപേക്ഷിച്ചു കളയാനുള്ള മറ്റൊരു സാഹചര്യം കൂടി ഉണ്ടായിട്ടുണ്ടെന്നും അത് എന്താണെന്ന് ആറു മണിക്ക് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.