പുതുതായി കെട്ടിടം നിർമിച്ചെങ്കിലും പ്രവർത്തനമാരംഭിക്കാതെ ഹോമിയോ ആശുപത്രി.

Friday, 28 Oct, 2022   HARITHA SONU

മാറനല്ലൂർ : പഞ്ചായത്തിലെ ഹോമിയോ ആശുപത്രിക്ക് കണ്ടലയിൽ പുതുതായി കെട്ടിടം നിർമിച്ചെങ്കിലും പ്രവർത്തനമാരംഭിക്കുന്നില്ല. കെട്ടിടനിർമാണം പൂർത്തിയായിട്ട് ഒരുവർഷം കഴിഞ്ഞെങ്കിലും വയറിങ് ജോലികൾ നടക്കാത്തതാണ് ആശുപത്രിയുടെ പ്രവർത്തനം പുതിയ കെട്ടിടത്തിൽ ആരംഭിക്കാൻ കഴിയാതെവന്നിരിക്കുന്നത്. ഐ.ബി.സതീഷ് എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽനിന്ന് കെട്ടിടനിർമാണത്തിന് 50 ലക്ഷവും അടിസ്ഥാനസൗകര്യ വികസനത്തിന് 10 ലക്ഷവും വയറിങ് ജോലികൾക്ക് ഏഴുലക്ഷവുമുൾപ്പെടെ 67 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടത്തിന്റെ നിർമാണം പൂർത്തീകരിച്ചത്. മറ്റെല്ലാ പണികളും പൂർത്തീകരിച്ചെങ്കിലും വയറിങ് ജോലികൾ മാത്രമാണ് ഇനി ബാക്കിയുള്ളത്.നിലവിൽ പഞ്ചായത്ത് ഓഡിറ്റോറിയത്തിലാണ് ഹോമിയോ ആശുപത്രി പ്രവർത്തിക്കുന്നത്. വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്തിലെത്തുന്നവരുടെ തിരക്കും വാഹനങ്ങളുടെ പാർക്കിങ്ങും ആശുപത്രിയിലെത്തുന്നവർക്ക് വലിയ ബുദ്ധിമുട്ടായി മാറുന്നുണ്ട്. കൂടാതെ ഓഡിറ്റോറിയത്തിലെ മുകളിലത്തെ നിലയിലുള്ള പ്രവർത്തനം പ്രായംചെന്നവർക്ക് പടിക്കെട്ടുകൾ കയറിച്ചെല്ലുന്നതും കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഡോക്ടറുടെ മുറിയും ഫാർമസിയും എല്ലാം ഒരിടത്ത് പ്രവർത്തിക്കുന്നത് ജീവനക്കാർക്കും ബുദ്ധിമുട്ടായി മാറുന്നുണ്ട്.