റോഡ് നവീകരണം പൂർത്തിയായെങ്കിലും വശത്തെ കാടു വെട്ടിമാറ്റിയില്ല.

Tuesday, 29 Jun, 2021   PM JAFFAR

മാറനല്ലൂർ : റോഡ് നവീകരണം പൂർത്തിയായെങ്കിലും വശത്തെ കാടു വെട്ടിമാറ്റിയില്ല. കാട്ടാക്കട- നെയ്യാറ്റിൻകര റോഡിൽ വണ്ടന്നൂർ പാപ്പാകോട് പ്രദേശങ്ങളിലാണ് വശങ്ങളിൽ കാടുകയറിക്കിടക്കുന്നത്. കാടുകയറിക്കിടക്കുന്ന പ്രദേശങ്ങളിൽ ഇഴജന്തുക്കളുടെ ശല്യവും കൂടി. വാഹനങ്ങളുടെ തിരക്ക് കുറവായതുകാരണം കാടുകയറിയ പ്രദേശത്തുനിന്ന് ഇഴജന്തുക്കൾ റോഡിലേക്ക്‌ ഇറങ്ങുന്നതും പതിവായിട്ടുണ്ട്. നടപ്പാതയില്ലാത്തതിനാൽ കാൽനടയാത്രക്കാർക്ക് ഇതുവഴി പോകണമെങ്കിൽ റോഡിൽ കയറി മാത്രമേ നടക്കാൻ കഴിയൂ. ഇത് അപകടങ്ങൾക്ക് കാരണമാകുന്നു. അമിതവേഗത്തിൽ പാഞ്ഞുവരുന്ന ഇരുചക്രവാഹനങ്ങൾ കാൽനടയാത്രക്കാരെ തട്ടിവീഴ്ത്തുന്നതും പതിവാണ്. രണ്ടുദിവസംമുമ്പ് രാത്രി യുവാവിനെ ബൈക്ക് യാത്രക്കാരൻ തട്ടിവീഴ്ത്തിയിരുന്നു. കാടുകയറിക്കിടക്കുന്ന പ്രദേശത്ത് മാലിന്യം ഇടുന്നതും വർധിച്ചിട്ടുണ്ട്.