വേളി വ്യവസായ എസ്റ്റേറ്റ് വളപ്പിൽ അറവുശാലാ മാലിന്യങ്ങളടക്കം തള്ളുന്നത് പതിവായി.

Saturday, 22 May, 2021   HARITHA SONU


കഴക്കൂട്ടം : അറവുശാലാ മാലിന്യങ്ങളടക്കം വണ്ടികളിൽ കൊണ്ടുവന്ന് വേളി വ്യവസായ എസ്റ്റേറ്റ് വളപ്പിൽ തള്ളുന്നത് പതിവായി. ചാക്കുകളിലും സഞ്ചികളിലും നിറച്ച ഒരു ലോഡോളം മാലിന്യമാണ് വ്യാഴാഴ്ച അർധരാത്രിക്കുശേഷം ഇവിടെ പ്രധാന കവാടം കടന്ന് ഉള്ളിൽ തള്ളിയത്. ട്രിപ്പിൾ ലോക്ഡൗൺ കാരണം വാഹനപരിശോധനയ്ക്ക് പ്രധാന കവലകളിൽ പോലീസുകാർ ഉള്ളപ്പോഴാണ് മാലിന്യവണ്ടി ഇവിടേക്കു കടന്നുവന്നത്. ഈ മാലിന്യം തെരുവുനായകൾ കടിച്ചെടുത്ത് പലയിടത്തും ഇടുന്നു.

ദുർഗന്ധം കാരണം ഇതുവഴി പോകാൻ പ്രയാസമായി. അടുത്തുള്ള വ്യവസായ യൂണിറ്റുകളിലെ ആളുകളാണ് കൂടുതൽ വിഷമിക്കുന്നത്. ഏഴു റോഡുകൾ കടന്നുപോകുന്ന വ്യവസായ എസ്റ്റേറ്റിലെ വഴികൾ തീരദേശവാസികൾ സഞ്ചരിക്കുന്ന വഴികളായതിനാൽ അസമയത്തുപോലും അടച്ചിടാനാവില്ല. ഇവിടെ ഒരു ഗേറ്റ് സ്ഥാപിക്കാൻ മുമ്പ് ശ്രമിച്ചെങ്കിലും തീരവാസികൾ പ്രതിഷേധിച്ചതിനാൽ നടന്നില്ല. അറവുശാലാ മാലിന്യങ്ങൾ ഏറ്റെടുത്തു വണ്ടികളിൽ കൊണ്ടുപോയി തള്ളുകയാണ് ചെയ്യുന്നതെന്ന് നാട്ടുകാർ പറയുന്നു.

പ്രധാന കവാടത്തിന് ഏറ്റവും അടുത്തുള്ള രണ്ടു വ്യവസായ യൂണിറ്റുകൾ പൂട്ടിക്കിടപ്പാണ്. അവിടെ സി.സി.ടി.വി. ക്യാമറയില്ലാത്തതു മാലിന്യം തള്ളുന്നവർക്ക് കൂടുതൽ സൗകര്യമാണ്. മുമ്പ് വ്യവസായികൾ മുൻകൈയെടുത്ത് കുഴികുത്തി മാലിന്യങ്ങൾ മറവുചെയ്തിട്ടുണ്ട്. പക്ഷേ, വീണ്ടും മാലിന്യമിടുകയാണ്. നഗരസഭയ്ക്കും സർക്കാരിനും ഇവിടത്തെ വ്യവസായികളുടെ അസോസിയേഷൻ പലതവണ പരാതികൾ കൊടുത്തെങ്കിലും പരിഹാരമുണ്ടായില്ല.