ഭിന്നശേഷിക്കാരായ കുട്ടികളുടെ സമഗ്ര വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനം സമാപിച്ചു.

Saturday, 08 Jul, 2023   HARITHA SONU

കഴക്കൂട്ടം : ഭിന്നശേഷിക്കാരായ കുട്ടികളുടെ സമഗ്ര വിദ്യാഭ്യാസത്തെക്കുറിച്ചുള്ള മൂന്നുദിവസത്തെ അന്താരാഷ്ട്ര സമ്മേളനം സമാപിച്ചു. ഡിഫറന്റ് ആര്‍ട്ട് സെന്ററും ന്യൂയോര്‍ക്കിലെ അഡെല്‍ഫി സര്‍വകലാശാലയും ചേര്‍ന്ന് സംസ്ഥാന സാമൂഹ്യനീതിവകുപ്പിന്റെയും കേന്ദ്ര ഭിന്നശേഷി ശാക്തീകരണവകുപ്പിന്റെയും സഹകരണത്തോടെയാണ്‌ സമ്മേളനം സംഘടിപ്പിച്ചത്‌. കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. 
 
20 രാജ്യങ്ങളില്‍നിന്നുള്ള വിദഗ്ധര്‍, പ്രൊഫസര്‍മാര്‍, പരിശീലകര്‍, മാതാപിതാക്കള്‍ തുടങ്ങിയവരടക്കം അഞ്ഞൂറിലധികം പ്രതിനിധികള്‍ പങ്കെടുത്തു. പോസ്റ്റര്‍ പ്രദര്‍ശനത്തില്‍ വിജയികളായ സ്മൃതി രാജേഷ്, ജപ്പാനിലെ സോഫിയ യൂണിവേഴ്‌സിറ്റിയിലെ സഹറ, ഡിഫറന്റ് ആര്‍ട് സെന്ററിലെ സൈന്‍ഷിയ ടീം എന്നിവര്‍ക്ക് എംഎല്‍എ സമ്മാനം വിതരണം ചെയ്തു. ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, അഡെല്‍ഫി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍മാരായ ഡോ. സ്റ്റീഫന്‍ മാര്‍ക്ക് ഷോര്‍, ഡോ. പവന്‍ ആന്റണി, ഡിഫറന്റ് ആര്‍ട് സെന്റര്‍ കോര്‍പറേറ്റ് റിലേഷന്‍ഷിപ് മാനേജര്‍ മിന്നു തുടങ്ങിയവർ സംസാരിച്ചു.