ആലേങ്ങാട് തോടിന്റെ സംരക്ഷണഭിത്തി കെട്ടുന്നത് നാട്ടുകാർ തടഞ്ഞു.

Tuesday, 05 Jan, 2021   HARITHA SONU

തൃക്കൂർ : ആലേങ്ങാട് തോടിന്റെ സംരക്ഷണഭിത്തി കെട്ടുന്നത് നാട്ടുകാർ തടഞ്ഞു. ലക്ഷങ്ങൾ ചെലവഴിച്ച് നടത്തുന്ന പണിയിൽ അപാകമുണ്ടെന്നാരോപിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. ഭിത്തി നിർമാണം അശാസ്ത്രീയമാണെന്ന് കണ്ടെത്തിയതോടെ ഉദ്യോഗസ്ഥർ ഇടപെട്ട് കെട്ടിയ ഭിത്തി പൊളിച്ചുമാറ്റി. മഴക്കാലത്ത് ശക്തമായി വെള്ളം ഒഴുകിയെത്തുന്ന ഈ ഭാഗത്ത് കരിങ്കൽ ഭിത്തിക്ക് വേണ്ടത്ര ഉറപ്പില്ലെന്നായിരുന്നു നാട്ടുകാരുടെ ആരോപണം. തുടർന്ന് സംഘടിച്ചെത്തി പണി തടയുകയായിരുന്നു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപ അടങ്കലിലാണ് പദ്ധതി. ഒരാഴ്ച മുമ്പ് ഭരത പ്രദേശത്ത് സമാനമായി പണിത ഭിത്തി നാട്ടുകാരുടെ ഇടപെടലിനെത്തുടർന്ന് പൊളിച്ച് പണിതിരുന്നു.