ബണ്ട് തകർന്നതോടെ കർഷകർ ആശങ്കയിലായി.

Thursday, 14 Sep, 2023   HARITHA SONU

മുല്ലശ്ശേരി : മതുക്കര, തെക്കേപ്പുറം, കോൾപ്പടവിനോട് ചേർന്നുള്ള ബണ്ട് തകർന്നു. 300 മീറ്ററുള്ള ബണ്ടിന്റെ രണ്ടിടത്തായാണ് വലിയ തോതിൽ തകർന്നത്. കടാംതോട് പുഴയുടെ കോച്ചാംപാറ മോട്ടോർപ്പുരയുടെ സമീപമാണ് ബണ്ട് ഇടിഞ്ഞത്. ബണ്ടിന്റെ മറ്റിടങ്ങളിലും വിള്ളലുണ്ട്. കൃഷി തുടങ്ങാനിരിക്കെ ബണ്ട് തകർന്നതോടെ കർഷകർ ആശങ്കയിലായി. ബണ്ട് പൊട്ടിയാൽ ഈ സീസണിൽ കൃഷി പറ്റില്ല. ചാലിൽ വെള്ളം കൂടുതലാണ്. ചണ്ടി നീക്കാത്തതിനാൽ നീരൊഴുക്കും തടസ്സപ്പെട്ട നിലയിലാണ്. പൊണ്ണമുത ചാലിലും സമാനമായ അവസ്ഥയാണ്. കോൾച്ചാലുകൾ നിറഞ്ഞു കിടക്കുന്നതിനാൽ പാടശേഖരത്തിലെ വെള്ളം ചാലിലേക്ക് പമ്പ് ചെയ്യാനുമാവില്ല.

ഏനാമാക്കൽ ഫെയ്സ് കനാലിലും വെള്ളം കൂടുതലാണ്. റെഗുലേറ്ററിന്റെ ഒരു ഷട്ടർ ഒരടി മാത്രമാണ് ഉയർത്തിയിട്ടുള്ളത്. ബണ്ട് പൊട്ടിയതോടെ കെ. എൽ. ഡി. സി അധികൃതർ ഇടിഞ്ഞഭാഗത്തെ ബണ്ട് കെട്ടാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. കൃഷിക്ക് മുൻപ് വൃത്തിയാക്കേണ്ട കോൾച്ചാലുകൾ ഇറിഗേഷൻ അധികൃതർ വൃത്തിയാക്കിയിട്ടില്ല.