പുത്തൻചിറ ∙ തുടർച്ചയായി പെയ്ത മഴയിൽ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. പാടശേഖരങ്ങളിൽ ഉൾപ്പെടെ വെള്ളം നിറഞ്ഞ അവസ്ഥയിലാണ്. വെള്ളം അധികമായതോടെ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കരിങ്ങോൾച്ചിറയിലെ താൽക്കാലിക ബണ്ട് പൊട്ടി വെള്ളമിറക്കി കളഞ്ഞു. ഇതോടെ വെള്ളം ചെറിയ രീതിയിൽ താഴ്ന്നിട്ടുണ്ട്.
പരിയാരം ∙ പൂവത്തിങ്കലിൽ വെള്ളക്കെട്ട് ദുരിതമാകുന്നു. ശാസ്ത്രീയമായ ഡ്രെയ്നേജ് സംവിധാനത്തിന്റെ അഭാവമാണു മഴ പെയ്യുമ്പോൾ റോഡിൽ വെള്ളക്കെട്ട് സൃഷ്ടിക്കുന്നത്. കാലങ്ങളായി കാനയിലെ മണ്ണു നീക്കം ചെയ്യുന്നില്ലെന്നാണു പരാതി. വ്യാപാരസ്ഥാപനങ്ങൾക്കു മുൻപിലെ വെള്ളക്കെട്ട് കച്ചവടത്തെ പ്രതികൂലമായി ബാധിക്കുന്നതായി വ്യാപാരികൾ അറിയിച്ചു. പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന ആവശ്യം ശക്തമാണ്.
കാടുകുറ്റി ∙ കനത്തമഴയെ തുടർന്ന് ചാത്തൻചാലിൽ വെള്ളക്കെട്ട്. തോടുവഴിയുള്ള വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടതിനെ തുടർന്നാണ് വെള്ളക്കെട്ട് . . കേന്ദ്രവിഷ്‌കൃത ഫണ്ട് വിനിയോഗിച്ച് ചാത്തൻചാൽ നവീകരിക്കുവാനുള്ള ഒരു വർഷം മുൻപാരംഭിച്ചുവെങ്കിലും പാതിവഴിയിൽ മുടങ്ങിക്കിടക്കുകയാണ്. തോട് നവീകരണമാണ് പ്രധാനമായും നടപ്പാക്കേണ്ടിയിരുന്നത്. പാർശ്വഭിത്തികൾ കെട്ടുവാൻ ആരംഭിച്ചതിനിടെയാണ് നിർമാണം നിലച്ചത്. ഇക്കാരണത്താൽ തോടിന്റെ ശുചീകരണം നടന്നിട്ടില്ല. പായലും ചെളിയും നിറഞ്ഞ് പലയിടത്തും വെള്ളത്തിന്റെ ഒഴുക്ക് തസ്സസപ്പെട്ടിരിക്കുകയാണ്. പ്രളയത്തിൽ ചാത്തൻചാലിൽ നിന്നുള്ള വെള്ളമെത്തി സമീപത്തെ വീടുകൾ മുങ്ങിയിരുന്നു. കൊരട്ടി, കാടുകുറ്റി മേഖലകളിലെ ചെറു കൈത്തോടുകളിൽ നിന്നും പാടശേഖരങ്ങളിൽ നിന്നുമുള്ള വെള്ളത്തിനോടൊപ്പും ഉറവകളായെത്തുന്ന വെള്ളവും ചാത്തൻചാലിലേക്കാണ് എത്തുന്നത്.
അന്നമനട ∙ മേലഡൂരിൽ അയൽവാസിയുടെ പറമ്പിലെ തേക്ക് മരം പൊറക്കുളത്തിനു സമീപം താമസിക്കുന്ന കെ.പി. നൗഷാദിന്റെ വീടിനു മുകളിലേക്കു മറിഞ്ഞുവീണു. ആളപായമില്ല.
പൊയ്യ ∙ മഠത്തുംപടി പുത്തുശേരി തോമസിന്റെ 300 വാഴകൾ കാറ്റത്ത് ഒടിഞ്ഞുവീണു.
കപ്പത്തോട് നിറഞ്ഞു: ആശങ്ക
ചാലക്കുടി ∙ മഴ ശക്തമയതോടെ കപ്പത്തോട് നിറഞ്ഞൊഴുകുന്നു. പരിയാരം പൂവത്തിങ്കൽ ഭാഗത്തു കപ്പത്തോട്ടിലെ ചെറിയ പാലം വരെ ജലനിരപ്പ് ഉയർന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനുള്ള സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കപ്പത്തോടിനു സമീപത്തെ കൃഷിയിടങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. വാഴ, മരച്ചീനി കൃഷികൾ വെള്ളക്കെട്ടിലാണ്. ഇന്നലെ പകൽ വെയിൽ തെളിഞ്ഞതു ആശ്വാസമായെങ്കിലും കൃഷിയിടങ്ങളിൽ നിന്നു വെള്ളം ഇറങ്ങിയിട്ടില്ല. മഴ ശക്തമായി തുടരുകയാണെങ്കിൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാൻ എല്ലാ ഒരുക്കങ്ങളും തയാറാണെന്നു പഞ്ചായത്ത് പ്രസിഡന്റ് മായ ശിവദാസൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡെസ്റ്റിൻ താക്കോൽക്കാരൻ എന്നിവർ അറിയിച്ചു. പഞ്ചായത്തിൽ കൺട്രോൾ റൂം തുറന്നു. ഫോൺ: 8129123367.
ക്ഷേത്രത്തിൽ വെള്ളം കയറി
പോട്ട ∙ പോട്ടേപ്പറമ്പിൽ ഭഗവതി ക്ഷേത്രത്തിൽ വെള്ളം കയറി. സമീപത്തെ കാഡ തോട് അടച്ചു കെട്ടിയതു കാരണം മഴവെള്ളം ഒഴുകിപ്പോകാൻ മാർഗമില്ലാതായതാണു ക്ഷേത്രത്തിലേക്കു വെള്ളം കയറാൻ കാരണമെന്നു ഭാരവാഹികൾ അറിയിച്ചു. വെള്ളക്കെട്ട് പരിഹരിക്കാൻ അധികൃതർ ഇടപെടണമെന്നും അടിയന്തര നടപടി വേണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
കൃഷി വെള്ളത്തിൽ
മറ്റത്തൂർ∙ ശക്തമായ മഴയിൽ വെള്ളിക്കുളം വലിയതോട് കരകവിഞ്ഞൊഴുകി കോടാലിപ്പാടത്തെ വിരിപ്പ് നെൽക്കൃഷി വെള്ളത്തിലായി. ഇടമഴ കിട്ടിയതിനാൽ ഇറിഗേഷൻ വെള്ളത്തെ ആശ്രയിച്ച് ഒരു മാസം വൈകിയാണ് കൃഷിയിറക്കാനായത്. തോടിന്റെ ബണ്ട് ഇടിഞ്ഞ സ്ഥലങ്ങളിലൂടെ കവിഞ്ഞൊഴുകിയാണ് വെള്ളം കൃഷിയിടത്തിലെത്തിയത്. തോടിന്റെ ബണ്ട് ഇടിഞ്ഞ സ്ഥലങ്ങളിൽ 80 മീറ്റർ വീതം കരിങ്കൽ ഭിത്തികെട്ടി സംരക്ഷിക്കാൻ നാലു വാർഡുകളിലേക്കായി 60 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
മാള ∙ ശക്തമായ കാറ്റിൽ ബ്ലോക്കിനു കീഴിലുള്ള പഞ്ചായത്തുകളിൽ വിവിധയിടങ്ങളിൽ കൃഷിനാശം. വാഴ, ജാതി, തെങ്ങ്, കവുങ്ങ് തുടങ്ങിയ ഒടിഞ്ഞൂവീണു. 2000 വാഴ (1000 കുലച്ചത്, 1000 കുലക്കാത്തത്), 50 തെങ്ങ്, 7 ഏക്കർ പച്ചക്കറി, കപ്പ 5 ഏക്കർ, കായ്ക്കുന്ന ജാതി 50, കായ്ക്കാത്തത് 25 എന്നിങ്ങനെയാണ് പ്രാഥമിക അന്വേഷണത്തിൽ നഷ്ടം സംഭവിച്ചതായി കരുതുന്നത്.
വൈദ്യുതക്കാൽ ഒടിഞ്ഞുവീണു
കല്ലേറ്റുംകര ∙ പോസ്റ്റുകൾ ഒടിഞ്ഞുവീണ് ആളൂർ - താഴേക്കാട് മേഖലയിൽ ഇന്നലെയും വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാനായിട്ടില്ല. ചില ട്രാൻസ്ഫോമറുകൾക്കും കേടുപാടു സംഭവിച്ചിട്ടുണ്ട്. മരം വീണ് കേടുപാടുകൾ സംഭവിച്ച വീടുകളിൽ ആളൂർ വില്ലേജ് അധികൃതർ സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി. വീടുകൾക്കുണ്ടായ നഷ്ടത്തെ ക്കുറിച്ചുള്ള എസ്റ്റിമേറ്റിനായി പഞ്ചായത്ത് അസി. എൻജിനീയർക്ക് റിപ്പോർട്ട് നൽകുമെന്നും വില്ലേജ് ഓഫിസർ അറിയിച്ചു. പഞ്ചായത്ത്, കൃഷിഭവൻ അധികൃതരും നാശനഷ്ടമുണ്ടായ സ്ഥലങ്ങൾ സന്ദർശിച്ചു.
മറ്റത്തൂർ∙ ഇന്നലെ ഉച്ചയോടെ ഉണ്ടായ കാറ്റിലും മഴയിലും മറ്റത്തൂർ പഞ്ചായത്തിലെ അവിട്ടപ്പിള്ളി, താളൂപ്പാടം എന്നീ പ്രദേശങ്ങളിൽ മരങ്ങൾ വീണ് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞ് വീണു. അവിട്ടപ്പിള്ളിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നിരുന്ന മരം വൈദ്യുതി ലൈനിലേക്ക് ഒടിഞ്ഞുവീണതിനെ തുടർന്ന് രണ്ട് പോസ്റ്റുകൾ ഒടിഞ്ഞു .
താളൂപാടം പ്രദേശത്തും മരം വീണ് പോസ്റ്റ് ഒടിഞ്ഞു. വൈദ്യുതി വകുപ്പ് ജീവനക്കാരും കരാർ തൊഴിലാളികളും ചേർന്ന് പോസ്റ്റുകൾ മാറ്റിയിട്ട് വൈദ്യുതി വിതരണം പുന:സ്ഥാപിച്ചു.വീടിന് മുകളിൽ
മരം വീണു
ചാലക്കുടി ∙ പടിഞ്ഞാറെ ചാലക്കുടിയിൽ റെയിൽവേ സ്റ്റേഷനു സമീപം പറമ്പിക്കാട്ടിൽ വിഷ്ണുമായ ക്ഷേത്രത്തിനടുത്തു വീട്ടുപറമ്പിലെ പ്ലാവ് മറിഞ്ഞു വീണു അയൽവാസിയുടെ വീടിന് കേടുപാടുണ്ടായി. ചന്ദ്രൻ കൊളത്താപ്പിള്ളിയുടെ പറമ്പിലെ പടുകൂറ്റൻ പ്ലാവ് മറിഞ്ഞു വീണ് അയൽവാസിയായ പറമ്പിക്കാട്ടിൽ ഷൈജുവിന്റെ വീടാണു ഭാഗികമായി തകർന്നത്. ഇന്നലെ 7.30ന് ആണ് സംഭവം. വീടിന്റെ ട്രസ് മേൽക്കൂര തകർന്നു. ടെറസിനു മുകളിലെ പാരപ്പെറ്റ് ഒരു ഭാഗം തകരുകയും മറുഭാഗം നിരങ്ങി നീങ്ങുകയും ചെയ്തു. നഗരസഭാധ്യക്ഷൻ എബി ജോർജ്, വില്ലേജ് ഓഫിസർ എം.ജെ. ആന്റു എന്നിവർ സ്ഥലം സന്ദർശിച്ചു.
യോഗം ചേർന്നു
മാള ∙ കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിൽ മഴക്കെടുതി വിലയിരുത്തുന്നതിനും തുടർ നടപടികൾ സ്വീകരിക്കുന്നതിനും വി.ആർ. സുനിൽകുമാർ എംഎൽഎയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. . മഴക്കാല രോഗങ്ങൾ പടരുന്നത് തടയുന്നതിനായി പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ നടപടി സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു. ചാലക്കുടി തഹസിൽദാർ ഇ.എൻ. രാജു, കൊടുങ്ങല്ലൂർ തഹസിൽദാർ കെ. രേവ, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ, കൊടുങ്ങല്ലൂർ നഗരസഭ ചെയർപഴ്സൻ ടി.കെ. ഗീത തുടങ്ങിയവർ പങ്കെടുത്തു.
September 24, 2023
September 19, 2023
September 11, 2023
September 11, 2023