കെ.എൽ.ഡി.സി. കനാലിലെ ചണ്ടി നീക്കംചെയ്യാൻ നടപടി തുടങ്ങി.

Friday, 04 Jun, 2021  ANOOB NOCHIMA

മുല്ലശ്ശേരി : മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി കെ.എൽ.ഡി.സി. കനാലിലെ ചണ്ടി നീക്കംചെയ്യാൻ നടപടി തുടങ്ങി. കൂമ്പുള്ളി പാലം മുതൽ ഇടിയഞ്ചിറ റെഗുലേറ്റർ വരെയുള്ള ബണ്ട് റോഡിന്റെ വശങ്ങളിലെ ചണ്ടിയാണ് നീക്കുന്നത്. തൊഴിലാളികളെ ഉപയോഗിച്ച് ചണ്ടി ഒഴുക്കിക്കളയുകയാണ് ചെയ്യുന്നത്. ചണ്ടിമൂലം മഴക്കാലത്ത് ഒഴുക്ക് തടസ്സപ്പെടുന്ന സ്ഥിതിയായിരുന്നു. എളവള്ളി പഞ്ചായത്തിലെ പ്രധാന കുടിവെള്ളപദ്ധതിയായ ജലനിധിയുടെ സ്രോതസ്സ് ഈ കനാലിലാണ്. കനാലിലെ വെള്ളം കലങ്ങിയതുമായി ബന്ധപ്പെട്ട് രണ്ടുമാസം മുമ്പ് എളവള്ളി പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചിരുന്നു.

ചണ്ടിയും പടർപ്പുകളും വ്യാപിച്ചതോടെ കനാലിലേക്ക് മാലിന്യം തള്ളുന്നതും പതിവായി. പഞ്ചായത്ത് പ്രസിഡൻറ് ജിയോ ഫോക്സിന്റെ നേതൃത്വത്തിൽ ഇക്കാര്യം കെ.എൽ.ഡി.സി. അധികൃതരെ അറിയിച്ചിരുന്നു. തുടർന്ന് മുരളി പെരുനെല്ലി എം.എൽ.എ.യുടെ പ്രത്യേക നിർദേശപ്രകാരമാണ് ചണ്ടി നീക്കുന്നതിന് നടപടിയായത്. കോൾമേഖലയിലെ ചാലുകൾ ആഴം കൂട്ടുന്ന പ്രവൃത്തി നടന്നിരുന്നതിനാൽ കലങ്ങിയ വെള്ളം കനാലിലേക്ക് എത്തിയിരുന്നു. ഇതേത്തുടർന്ന് ജലനിധി വെള്ളം പാചകാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയായി. ചണ്ടി നീക്കി, നീരൊഴുക്ക് ശക്തിപ്പെടുത്തിയാൽ മാത്രമേ ഇതിന് പരിഹാരമാകൂ. കനാലിലെ ചണ്ടി നീക്കുന്നതുമായി ബന്ധപ്പെട്ട് കെ.എൽ.ഡി.സി. അസി. എൻജിനീയർ വി.ജി. സുനിലിന്റെ നേതൃത്വത്തിൽ സ്ഥലപരിശോധന നടത്തി. ജനപ്രതിനിധികളായ ലതി വേണുഗോപാൽ, ടി.സി. മോഹനൻ, കെ.ഡി. വിഷ്ണു, ജീന അശോകൻ എന്നിവരും സ്ഥലത്തെത്തി.