ജൽജീവൻ മിഷന്റെ കുടിവെള്ളപൈപ്പുകൾ സ്ഥാപിച്ച കുഴികൾ ഭീഷണിയാകുന്നു.

Friday, 07 Jul, 2023   HARITHA SONU

എരുമപ്പെട്ടി : ജൽജീവൻ മിഷന്റെ കുടിവെള്ളപൈപ്പുകൾ സ്ഥാപിച്ച കുഴികൾ ശരിയായി മൂടാത്തത് യാത്രക്കാർക്കും ചരക്കുവാഹനങ്ങൾക്കും ഭീഷണിയാകുന്നു. കുഴികൾ മണ്ണിട്ടുമൂടിയശേഷം മെറ്റൽ പാകി പൂർവസ്ഥിതിയിലാക്കണമെന്നാണ് കരാർ. റോഡിനു കുറുകെ പൊളിച്ചവയും സമാനരീതിയിൽ ഗതാഗതയോഗ്യമാക്കണം. എന്നാൽ, റോഡിലെ വശങ്ങളിൽ പൈപ്പിട്ട കുഴികളിൽ ഭൂരിഭാഗവും മണ്ണിട്ടുമൂടുക മാത്രമാണ് ചെയ്തിട്ടുള്ളത്. മഴ ശക്തമായതോടെ മണ്ണ് ഒലിച്ചും താഴ്‌ന്നും റോഡരികിലെല്ലാം വലിയ കുഴികളുണ്ടായി. വാഹനങ്ങൾക്ക് വഴികൊടുക്കാനും കാൽനടയാത്രക്കാർക്കും ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കുകയാണ്. കുഴികൾ മൂടാൻ മാസങ്ങൾക്കുമുൻപേ റോഡരികിൽ കൊണ്ടുവന്നിട്ട മെറ്റലും അപകടമുണ്ടാക്കുന്നു. റോഡ് കുറുകെ പൊളിച്ചിട്ട സ്ഥലങ്ങളിലെ കുഴികളിൽ ചെറുതും വലുതുമായ വാഹനങ്ങൾ കുടുങ്ങുന്നതും പതിവാണ്.

ചിലയിടങ്ങളിൽ കാനകൾ അടഞ്ഞ് റോഡിലൂടെയാണ് വെള്ളം ഒഴുകുന്നത്. പഞ്ചായത്തിലെ എല്ലാ വാർഡുകളിലെയും പൈപ്പിടൽ പൂർത്തിയായിട്ടുണ്ട്. വാർഡുകളെ ബന്ധിപ്പിക്കുന്ന പ്രധാന പൈപ്പുകളും എത്തിയിട്ടുണ്ട്. പഞ്ചായത്ത് റോഡിൽനിന്ന്‌ വീടുകളിലേക്കുള്ള പൈപ്പുകളാണ് ഇപ്പോൾ സ്ഥാപിക്കുന്നത്. ഒരു കിലോമീറ്ററിനുള്ളിൽ പത്തിലധികം ഇടങ്ങളിലാണ് പൊളിച്ചിട്ടുള്ളത്. കുഴികളിൽ വീണ് പൊറുതിമുട്ടിയ ഓട്ടോറിക്ഷക്കാരും നാട്ടുകാരും വിവിധ സ്ഥലങ്ങളിൽ കുഴികൾ അടച്ചിരുന്നു. എന്നാൽ, മഴ ശക്തമായതോടെ വീണ്ടും കുഴികൾ രൂപപ്പെട്ടു. പൈപ്പ് സ്ഥാപിച്ചശേഷം യഥാസമയം കുഴികൾ മൂടാത്തതാണ് വിനയായത്. അപകടക്കുഴികൾ മൂടാൻ പഞ്ചായത്ത് അധികൃതർ ഉടൻ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.