പട്ടണത്തിൽ ട്രാഫിക് പരിഷ്‌കാരം അടിയന്തരമായി നടപ്പാക്കാൻ തുനിഞ്ഞ് പോലീസ് എന്നാൽ ചർച്ചകളൊന്നും നടന്നിട്ടില്ലെന്നാണ് നഗരസഭാ ചെയർമാൻ.

Monday, 04 Sep, 2023   HARITHA SONU

ചാലക്കുടി : പട്ടണത്തിൽ ട്രാഫിക് പരിഷ്‌കാരം അടിയന്തരമായി നടപ്പാക്കാൻ തുനിഞ്ഞ് പോലീസ്. എന്നാൽ ട്രാഫിക് പരിഷ്‌കാരം സംബന്ധിച്ച് ചർച്ചകളൊന്നും നടന്നിട്ടില്ലെന്നാണ് നഗരസഭാ ചെയർമാൻ എബി ജോർജ് പറഞ്ഞത്. പരിഷ്‌കാരം സംബന്ധിച്ച് ചില കോടതി നിർദേശങ്ങളുണ്ട്. ഈ നിർദേശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് പരിഷ്‌കാരത്തിന് പോലീസ് തുനിയുന്നത്. കൊരട്ടി ഭാഗത്തേക്ക് പോകുന്ന ബസുകളുടെ സ്റ്റോപ്പ് ചിക്കൂസ് പരിസരത്തുനിന്ന് മാറ്റണമെന്ന് കോടതി നിർദേശമുള്ളതാണ്. ഈ നിർദേശം നടപ്പാക്കാൻ അടിപ്പാതയുടെ ഭാഗത്ത് കൂടുതൽ സ്ഥലം റോഡിനായി ഉപയോഗപ്പെടുത്താനും അടിപ്പാതയുടെ ഭാഗത്തുതന്നെ ബസ് സ്റ്റോപ്പനുവദിക്കാനും ബന്ധപ്പെട്ടവർ ചേർന്ന് തീരുമാനമെടുത്തതാണ്. ഇത് നടപ്പാക്കാൻ ചില ശ്രമങ്ങൾ നടന്നു. എന്നാൽ നാളുകൾ പിന്നിട്ടിട്ടും ബന്ധപ്പെട്ടവർ ഇവിടെ സൗകര്യം ഏർപ്പെടുത്തിയിട്ടില്ലെന്നാണ് പോലീസിന്റെ പരാതി. ഇതുകാരണം ബസ് സ്റ്റോപ്പ് മാറ്റിയിട്ടുമില്ല. പള്ളി സ്റ്റോപ്പിനടുത്തുള്ള ഓട്ടോ സ്റ്റാൻഡ് മാറ്റണമെന്ന നിർദേശവും കോടതിയുടെ ഭാഗത്തുനിന്നുണ്ട്. ഇതുൾപ്പെടെയുള്ള മാറ്റങ്ങൾ ഉൾപ്പെടുത്തിയാണ് പോലീസിന്റെ പുതിയ നിർദേശങ്ങൾ. ‌

പോട്ട സുന്ദരിക്കവല ഭാഗത്ത് അടിക്കടി ഉണ്ടാകുന്ന വാഹനാപകടം ഒഴിവാക്കാൻ പോലീസിന് നിർദേശമുണ്ട്. ഇതിനായി ഇവിടെ വൺവേ സമ്പ്രദായം കൊണ്ടുവരാനാണ് പോലീസ് ഉദ്ദേശിക്കുന്നത്. വൺവേ വേണ്ടെന്ന് ഭരണപക്ഷം. വൺവേ സമ്പ്രദായം ഏർപ്പെടുത്തുന്നതിൽ നഗരസഭയിലെ ഭരണപക്ഷ അംഗങ്ങളുടെ ഭാഗത്തുനിന്ന് ശക്തമായ എതിർപ്പുണ്ട്. പോട്ട ജങ്ഷന്റെ പ്രസക്തി കളയുന്ന രീതിയിലുള്ളതാണ് പുതിയ വൺവേ നിർദേശമെന്ന് കൗൺസിലർമാർ പറയുന്നു. ഭരണപക്ഷത്തെ കൗൺസിലർമാരുടെ എതിർപ്പുള്ളതിനാലാണ് നഗരസഭാധികൃതരുടെ ഭാഗത്തുനിന്ന് പരിഷ്‌കാരത്തിന് മുൻകൈയെടുക്കാത്തത്. അടിപ്പാത, നോർത്ത് ബസ് സ്റ്റാൻഡ് എന്നിവ വന്നതും മുനിസിപ്പൽ ജങ്ഷൻ അടച്ചതും മൂലം പട്ടണത്തിൽ ട്രാഫിക് ക്രമത്തിൽ കാര്യമായ മാറ്റം വരുത്തേണ്ടതുണ്ട്. പട്ടണത്തിന് യോജിച്ച തരത്തിൽ പുതിയ ട്രാഫിക് പരിഷ്‌കാരം ആവശ്യമുണ്ടെന്നാണ് യാത്രക്കാരുടെയും ബസ്സുടമകളുടെയും അഭിപ്രായം.

അടിയന്തരമായി ട്രാഫിക് ഉപദേശകസമിതി വിളിച്ചുചേർത്ത് വിഷയം ചർച്ച ചെയ്യണമെന്നാണ് പൊതുവെ ഉയരുന്ന ആവശ്യം. മാള, കൊടുങ്ങല്ലൂർ ഭാഗങ്ങളിൽനിന്നുവരുന്ന ബസുകൾ നോർത്ത് ജങ്ഷനിലെത്താത്തത് വലിയ പരാതിക്കിടയാക്കിയിട്ടുണ്ട്. ഈ പ്രശ്‌നവും ഇതുവരെ പരിഹരിച്ചിട്ടില്ല. ഇതിനുൾപ്പെടെ പരിഹാരം കാണണമെന്നാണ് യാത്രക്കാരുടെ ആവശ്യം. നിലവിലുള്ള കൗൺസിൽ വന്നതുമുതൽ ട്രാഫിക് പരിഷ്‌കാര ചർച്ചകളെക്കുറിച്ച് പറയുന്നുണ്ടെങ്കിലും എല്ലാ വിഭാഗങ്ങളെയും കൂട്ടിയിരുത്തി ഫലപ്രദമായ ചർച്ചകൾ ഇതുവരെ നടന്നിട്ടില്ല.