ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടിയിട്ട് നന്നാക്കാത്തത് ജനങ്ങൾക്ക് ദുരിതമാകുന്നു.

Tuesday, 29 Sep, 2020   HARITHA SONU

പൂച്ചാക്കൽ : പാണാവള്ളി എടപ്പങ്ങഴി ക്ഷേത്രത്തിനു മുൻവശം ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടിയിട്ട് നന്നാക്കാത്തത് ജനങ്ങൾക്ക് ദുരിതമാകുന്നു. ചേർത്തല-അരൂക്കുറ്റി റോഡിൽനിന്ന് എടപ്പങ്ങഴി-തളിയാപറമ്പ് റോഡിലേക്കുള്ള തുടക്കത്തിലാണ് പൈപ്പുപൊട്ടിയത്. പൈപ്പുപൊട്ടിയിട്ട് പ്രദേശത്ത് കുഴിയാകുകയും വെള്ളക്കെട്ടാകുകയും ചെയ്തതോടെ യാത്രക്കാർ ദുരിതത്തിലായി. കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരും ഇവിടെ നിത്യേന അപകടങ്ങളിൽപ്പെടുന്നു. ആയിരക്കണക്കിനു വാഹനങ്ങൾ ഓടുന്ന പ്രധാന റോഡാണ് ചേർത്തല-അരൂക്കുറ്റി റോഡ്. ഇതിന്റെ ലിങ്ക് റോഡായ എടപ്പങ്ങഴി -തളിയാപറമ്പ് റോഡ് തളിയാപറമ്പിനെയും പോലീസ് സ്റ്റേഷൻ മേഖലകളെയും ബന്ധിപ്പിക്കുന്ന റോഡുമാണ്. ഇത്തരത്തിലുള്ള വളരെ പ്രധാന സ്ഥലത്ത് പൈപ്പുപൊട്ടിയിട്ട് നന്നാക്കാത്തതിനെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്. പരാതികൾ പറഞ്ഞുമടുത്തെന്ന് നാട്ടുകാർ പറയുന്നു.