പാണാവള്ളിയിൽ കോവിഡ് വ്യാപനത്തെ ചെറുക്കാൻ ജാഗ്രതകടുപ്പിക്കുന്നു.

Friday, 21 Aug, 2020   HARITHA SONU

പൂച്ചാക്കൽ : പാണാവള്ളിയിൽ കോവിഡ് വ്യാപനത്തെ ചെറുക്കാൻ ജാഗ്രതകടുപ്പിക്കുന്നു. പരിശോധനകളുടെ എണ്ണം വർധിപ്പിച്ചാണ് കൂടുതൽനടപടികൾ തുടങ്ങിയത്. വെള്ളിയാഴ്ച പഞ്ചായത്ത് കമ്യൂണിറ്റിഹാളിൽ 200പേരുടെ സ്രവം പരിശോധിച്ചു. ഇതുവരെ കമ്യൂണിറ്റിഹാളിൽ 730 പരിശോധനകൾ നടത്തിയിട്ടുണ്ട്. പാണാവള്ളി പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.അരുൺമിത്രയുടെ നേതൃത്വത്തിൽനടന്ന പരിശോധനയ്‌ക്ക് 15 ആരോഗ്യപ്രവർത്തകർ പങ്കെടുത്തു. 18ാം വാർഡിൽ ഏഴ് കോവിഡ് പോസിറ്റീവ് കേസുകൾ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. 18, 10, അഞ്ച് വാർഡുകൾ നിലവിൽ കൺടെയ്ൻമെന്റ് സോണാണ്. ഇതുവരെ 87 കോവിഡ് കേസുകളാണ് റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്. ഇതിൽ 41പേർ രോഗമുക്തി നേടി.44 പേർ ആശുപത്രികളിൽ ചികിത്സയിലാണ്. അതിനിടെ പാണാവള്ളി പഞ്ചായത്ത് 16ാം വാർഡിൽ കൃഷിവകുപ്പ് ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലെ സന്നദ്ധപ്രവർത്തകയായിരുന്നു ഇവർ.