കോവിഡ് പുനരധിവാസപദ്ധതിയുടെ ഭാഗമായി വീടുകളുടെ നിർമാണം തുടങ്ങി.

Thursday, 27 Jul, 2023   HARITHA SONU

ചെങ്ങന്നൂർ : കോവിഡ് പുനരധിവാസപദ്ധതിയുടെ ഭാഗമായി വി ആർ ഫോർ ആലപ്പി ആറു വീടുകളുടെ നിർമാണം തുടങ്ങി. മണപ്പുറം ഫൗണ്ടേഷന്റെ സഹായധനത്തോടെ കണിച്ചുകുളങ്ങര, പുന്നപ്ര, പുറക്കാട്, കുമാരപുരം, കായംകുളം, ചെറിയനാട് എന്നിവിടങ്ങളിലാണ് വീടുകൾ നിർമിച്ചുനൽകുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ചെറിയനാട് പഞ്ചായത്ത് അഞ്ചാംവാർഡിൽ ‘മിഥുനം’ മധുക്കുട്ടന്റെ വീടിന്റെ കല്ലിടീൽച്ചടങ്ങിൽ പങ്കെടുത്ത് കളക്ടർ ഹരിത വി. കുമാർ നിർവഹിച്ചു. കോവിഡിൽ രക്ഷിതാക്കളിൽ ഒരാളെ നഷ്ടമായ അർഹരായ കുടുംബങ്ങൾക്കാണ് വീടുകൾ നൽകുന്നത്. മുൻ കളക്ടർ കൃഷ്ണതേജയാണ് പദ്ധതി തുടങ്ങിവെച്ചത്. ചടങ്ങിൽ മണപ്പുറം ഫൗണ്ടേഷൻ ജനറൽ മാനേജർ ഡോ. ഷാജി മാത്യു, ടി.എസ്. സഞ്ജയ്, ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നാ രമേശൻ, വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ വാസുദേവൻ, അഞ്ചാംവാർഡംഗം വൽസമ്മാ സോമൻ എന്നിവർ സംസാരിച്ചു.