ബെംഗളൂരുവിനെയും-ഹൈദരാബാദിനെയും ബന്ധിപ്പിച്ചുകൊണ്ടുള്ള വന്ദേഭാരത് എക്സ്പ്രസ് സർവീസ് ആരംഭിക്കും.

Tuesday, 08 Aug, 2023   HARITHA SONU

ബെംഗളൂരു: രാജ്യത്തെ പ്രധാന ഐടി നഗരങ്ങളായ ബെംഗളൂരുവിനെയും ഹൈദരാബാദിനെയും ബന്ധിപ്പിച്ചുകൊണ്ടുള്ള വന്ദേഭാരത് എക്സ്പ്രസ് ഈ മാസം സർവീസ് ആരംഭിക്കും. മലയാളികൾ ഉൾപ്പെടെയുള്ള നിരവധിയളുകൾക്കാകും ഇത് ആശ്വാസമാവുക. ദക്ഷിണേന്ത്യയിലെ പ്രധാന ഐടി നഗരങ്ങളിലേക്കുള്ള യാത്രാദൈർഘ്യം ഏഴുമണിക്കൂറായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കർണാടകയ്ക്ക് ലഭിക്കുന്ന മൂന്നാമത്തെ വന്ദേഭാരതാണ് ഇത്. സൗത്ത് സെൻട്രൽ റെയിൽവേ (എസ്സിആർ) ഇതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഹൈദരാബാദിലെ കച്ചേഗുഡയിൽനിന്ന് ബെംഗളൂരുവിലെ യശ്വന്തപുര സ്റ്റേഷനിൽ എത്തിച്ചേരുന്ന വിധത്തിലാണ് ട്രെയിൻ സർവീസ് ക്രമീകരിച്ചിരിക്കുന്നത്. 610 കിലോമീറ്റർ ദൂരം ഏഴുമണിക്കൂർ കൊണ്ടാകും ട്രെയിൻ താണ്ടുക. നിലവിൽ ഈ റൂട്ടിൽ വേഗമേറിയ സർവീസ് നടത്തുന്നത് ദുരന്തോ എക്സ്പ്രസാണ്. ഇതിനേക്കാൾ രണ്ട് മണിക്കൂർ നേരത്തേ വന്ദേഭാരത് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 16 കോച്ചുകളുള്ള വന്ദേഭാരതാകും ബെംഗളൂരു- ഹൈദരാബാദ് റൂട്ടിൽ സർവീസ് നടത്തുക.

വന്ദേഭാരതിന്‍റെ ട്രയൽ റൺ കഴിഞ്ഞദിവസം നടത്തിയിരുന്നെന്ന് സൗത്ത് സെൻട്രൽ റെയിൽവേ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. എട്ട് കോച്ചുള്ള വന്ദേഭാരത് തീവണ്ടിയാണ് പരീക്ഷണ ഓട്ടം നടത്തിയത്. 'ഞങ്ങൾ കച്ചേഗുഡയിൽനിന്ന് ടോണ ജങ്ഷൻവരെ കഴിഞ്ഞദിവസം പരീക്ഷണ ഓട്ടം നടത്തിയിരുന്നു. ട്രെയിനിന്‍റെ ഫുൾ സെറ്റ് എത്തിയാലുടൻ സർവീസ് ആരംഭിക്കും' ഉദ്യോഗസ്ഥൻ പറഞ്ഞു.