ഫുജൈറ/റാസൽഖൈമ : വീടുകളിലേക്ക് സ്ത്രീ, പുരുഷ ബാർബർമാരെ വിളിച്ചു വരുത്തുന്നത് കോവിഡ് 19 വ്യാപനത്തിനു കാരണമാകുമെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധരുടെ മുന്നറിയിപ്പ്. വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സലൂണുകളും ബ്യൂട്ടി പാർലറുകളും അധികൃതർ അടച്ചപ്പോൾ ചിലർ ‘ഗാർഹിക സേവനം’ തുടങ്ങിയ സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്.
വാട്സാപ്പ് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ ടെലിഫോൺ നമ്പറുകൾ നൽകി വീടുകളിൽ ബ്യൂട്ടി പാർലർ സേവനം നൽകുന്നുണ്ട്. സ്ത്രീ, പുരുഷ സലൂണുകൾ നടത്തിയിരുന്നവരാണ് ജോലിക്കായി പുതിയ വഴികൾ തേടുന്നത്. എന്നാൽ, ഇത്തരം സേവനങ്ങൾ വിപരീത ഫലമുണ്ടാക്കുമെന്ന് ഡോക്ടർമാർ ഉണർത്തി. പുറത്തിറങ്ങിയാൽ മാത്രം രോഗം ബാധിക്കുന്ന സാഹചര്യം മാത്രമാണ് ഇപ്പോൾ നിലനിൽക്കുന്നത്.
എന്നാൽ, ബാർബർമാർ വീടുകളിൽ വരുന്നതോടെ വൈറസിനെ വീട്ടിലെത്തിക്കുന്ന സ്ഥിതിയുമുണ്ടാകും. ക്വാറന്റീനിൽ കഴിയുന്നവർക്കും രോഗസാധ്യതയിലുള്ളവർക്കും ജോലിക്കാരെ രോഗികളാക്കാനും കഴിയും. തിരിച്ചു നൽകാനും കഴിയും. പുറത്ത് നിന്നും വീട്ടിലെത്തുന്നവരിലൂടെ ഗൃഹനാഥനാണ് വൈറസ് ബാധിതനാകുന്നതെങ്കിൽ അതു വഴി ആ കുടുംബം മുഴുവൻ രോഗികളാകാൻ ഇടയുണ്ടെന്ന് ആരോഗ്യരംഗത്തുള്ളവർ മുന്നറിയിപ്പ് നൽകി.
മുഖാവരണം ധരിച്ച് താടി വെടിപ്പാക്കാൽ സാധ്യമാകാത്തതിനാൽ വ്യക്തിഗത സുരക്ഷ വസ്തുക്കൾ ധരിക്കലും പ്രായോഗികമല്ല. വൈറസ് വിനിമയം കൂടുതൽ നടക്കുന്നതാണ് വീടുകളിൽ വച്ചുള്ള ബാർബർ ജോലി. ഒരാളുടെ ഏറ്റവും സമീപത്തുനിന്നു ചെയ്യുന്ന ജോലി ആയതിനാൽ ശ്വസന, നിശ്വാസങ്ങളിലൂടെ വൈറസ് ബാധിതരാകും. സാമൂഹിക അകലമെന്ന നിയമവും പാലിക്കപ്പെടാൻ ആകില്ല. വീട്ടിലെത്തുന്നവരുടെ ആരോഗ്യസ്ഥിതി വീട്ടുകാർക്കും അറിയില്ല. മാത്രമല്ല ഇവർ ഉപയോഗിക്കുന്ന തൊഴിൽ സാമഗ്രികൾ എത്രമാത്രം അണുവിമുക്തമെന്നു തിട്ടപ്പെടുത്താൻ ആകാത്തതും ഗൗരവം വർധിപ്പിക്കുന്നു. രാജ്യത്തെ പ്രതിരോധ സുരക്ഷാ നിയമത്തിന്റെ ലംഘനമാണിതെന്ന് വിവിധ മേഖലയിലുള്ളവർ പ്രതികരിച്ചു.
പിഴ 5 ലക്ഷം വരെ
കോവിഡ് വൈറസ് വ്യാപനത്തിനു ഹേതുവാകുന്ന നിയമലംഘനങ്ങൾക്ക് യുഎഇ ഫെഡറൽ ശിക്ഷാ നിയമം 197 അനുഛേദപ്രകാരം തടവിനു പുറമേ ഒരു ലക്ഷം ദിർഹം മുതൽ 5 ലക്ഷം ദിർഹം വരെ പിഴ ശിക്ഷ ലഭിക്കും. ജനങ്ങളുടെ ആരോഗ്യ, സുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ കേസായിരിക്കും ഇതെന്ന് അഭിഭാഷക ഹനാൻ അൽബായിദ് വ്യക്തമാക്കി.