വൈദ്യുതാഘാതമേറ്റ് ദുബായില്‍ മലയാളി വനിതാ എൻജിനീയർ മരണപെട്ടു. 

Saturday, 17 Jun, 2023  News Desk

ദുബായ് : ദുബായിൽ വൈദ്യുതാഘാതമേറ്റ് മരിച്ച മലയാളി വനിതാ എൻജിനീയറുടെ മരണം യു എ ഇ യിലെ മലയാളി സമൂഹത്തിൽ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. പടിഞ്ഞാറെ കൊല്ലം ഇലങ്കത്തുവെളി ജവാഹർ നഗർ നക്ഷത്രയിൽ വിശാഖ് ഗോപിയുടെ ഭാര്യ നീതു (35) ആണ് വ്യാഴാഴ്ച ദുബായ് അൽ തവാറിലെ താമസ സ്ഥലത്ത് ദാരുണമായി മരിച്ചത്. നീതുവിൻ്റെ മൃതദേഹം ഇന്നലെ കൊല്ലം മുളങ്കാടകം പൊതുശ്മശാനത്തിൽ സംസ്കരിച്ചു. ദുബായ് അല്‍ തവാർ 3ലെ വില്ലയ്ക്ക് പുറത്തെ ഔട്ട് ഹൗസിലായിരുന്നു നീതുവും കുടുംബവും താമസിച്ചിരുന്നത്. വിശാഖ് ഗോപി മക്ഡെര്‍നോട് എന്ന നിർമാണ കമ്പനിയിൽ എൻജിനീയറായിരുന്നു. ഭർത്താവിനോടും കെജി 2 വിദ്യാർഥിയായ ഏക മകൻ നിവി(6)യുമായി സമയം ചെലവഴിച്ച ശേഷം വൈകിട്ട് ഏഴിന് നീതു കുളിമുറിയിൽ കയറിയതായിരുന്നു. കുളിമുറിയിൽ നിന്ന് നീതുവിൻ്റെ ഒച്ചകേട്ടതോടെ വിശാഖ്  ഓടിയെത്തി അകത്ത് നിന്ന് കുറ്റിയിട്ടിരുന്ന കുളിമുറിയുടെ വാതിൽ ക്രിക്കറ്റ് കളിക്കാരനായ വിശാഖ് തന്റെ ബാറ്റ് കൊണ്ട് അടിച്ചു തകർത്തു തുറന്നു. അകത്ത് പ്രവേശിച്ചപ്പോൾ വാട്ടർ ഷവർ കൈയിൽ പിടിച്ച് വീണുകിടക്കുന്ന പ്രിയതമയെയാണ് കണ്ടത്. ബോധമറ്റ് കിടക്കുകയായിരുന്ന നീതുവിന് വിശാഖ് സിപിആർ നൽകിയെങ്കിലും പ്രതികരണമില്ലായിരുന്നു. ഉടൻ ആംബുലൻസ് വിളിച്ചു ആശുപത്രിയിലെത്തിച്ചു. അപ്പോഴേയ്ക്കും അവർ ഇൗ ലോകത്തോട് വിടപറഞ്ഞിരുന്നു. കഴിഞ്ഞ 15 വർഷമായി യുഎഇയിലുള്ളയാളാണ് വിശാഖ്. നീതു ഇവിടെയെത്തിയിട്ട് 10 വർഷമെങ്കിലും ആയിരിക്കാമെന്ന് എ. എസ്. ദീപു പറയുന്നു. വളരെ സന്തോഷത്തോടെയും സംതൃപ്തിയോടെയും കഴിഞ്ഞിരുന്ന ഒരു കുടുംബമാണ് ഇവരുടേത്.