ദുബൈ: ഇന്ത്യയും, യു.എ.ഇയും തമ്മിലുള്ള സ്വര്‍ണ വ്യാപാരം മെച്ചപ്പെടുത്തുന്നതിന് കേന്ദ്രസര്‍ക്കാറുമായി കൂടുതല്‍ ചര്‍ച്ച നടത്തുമെന്ന് ഓള്‍ ഇന്ത്യ ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ (ജി.ജെ.സി) ചെയര്‍മാൻ സയ്യാം മെഹറ പറഞ്ഞു.
യു.എ.ഇയിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിലെ വിവിധ ഉദ്യോഗസ്ഥരുമായി രണ്ട് റൗണ്ട് ചര്‍ച്ചകള്‍ നടന്നു. അബൂദബിയിലും ദുബൈലും ആണ് ചര്‍ച്ചകള്‍ നടന്നത്. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാറിനെ അറിയിക്കും. സിപ കരാര്‍ അനുസരിച്ചുള്ള സ്വര്‍ണവ്യാപാരം ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിവരുകയാണ്. 15 ശതമാനം ഇറക്കുമതി ചുങ്കം നിലനില്‍ക്കുന്ന ഇന്ത്യയില്‍ ഒരു ശതമാനം ഇളവ് അനുവദിച്ചുകൊണ്ടുള്ള സിപാ കരാര്‍ സ്വര്‍ണ വ്യാപാരികള്‍ക്ക് വളരെ ആശ്വാസം നല്‍കും. 200 ടണ്‍ വരെ സ്വര്‍ണം ഒരുവര്‍ഷം ഇറക്കുമതി ചെയ്യാൻ ഈ ആനുകൂല്യം ഉപയോഗപ്പെടുത്താൻ കഴിയുന്നുണ്ട്. ഇന്ത്യയില്‍നിന്ന് യു.എ.ഇയിലേക്ക് ആഭരണങ്ങള്‍ ഇറക്കുമതിചെയ്യുന്ന സ്വര്‍ണ വ്യാപാരികള്‍ക്ക് ഒട്ടേറെ ബുദ്ധിമുട്ടുകള്‍ ഉണ്ട്. അവര്‍ എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ടുവരുന്ന സ്വര്‍ണത്തിനുപോലും 11 ലക്ഷം രൂപ ഒരു കിലോ സ്വര്‍ണത്തിന് പ്രീമിയം മണി ഡെപ്പോസിറ്റ് ആയി വെക്കുക എന്നുള്ളത് വലിയൊരു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
പ്രീമിയം മണി റിലീസ് ചെയ്യുന്നതിന് വളരെയേറെ കാലതാമസം വരുത്തുന്നത് സ്വര്‍ണ വ്യാപാരികള്‍ക്ക് ഏറെ ബുദ്ധിമുട്ടാണ്. ഈ ബുദ്ധിമുട്ട് കേന്ദ്രസര്‍ക്കാറിന്റെ ശ്രദ്ധയില്‍പെടുത്തുമെന്ന് ജി.ജെ.സി ഡയറക്ടര്‍ എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ ജി.ജെ.സി വൈസ് ചെയര്‍മാൻ രാജേഷ് റോക്ക്ഡെ, മുൻ ചെയര്‍മാൻ നിധിൻ കണ്ടേല്‍വാള്‍, ചന്തുഭായ് സിറോയ, മുനീര്‍ തങ്ങള്‍, ഗൗരവ് ഇസാര്‍ എന്നിവര്‍ പങ്കെടുത്തു.