ദുബായ്∙ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകിട്ട് അഞ്ചിന് ദുബായ് താജ് ഹോട്ടലിൽ കേരള സ്റ്റാർട്ടപ് മിഷൻ പിണറായി വിജയൻ ഇൻഫിനിറ്റി സെൻറർ ഉദ്ഘാടനം ചെയ്യും. വിദേശത്തും കേരളത്തിലും സ്വന്തമായി സ്റ്റാർട്ടപ്പുകൾ ആരംഭിക്കാൻ പ്രവാസി സമൂഹത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ് സംസ്ഥാന സർക്കാർ സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി ലോഞ്ച്പാഡ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയിൽ നിന്ന് മാത്രം ഏകദേശം 32 ദശലക്ഷത്തിലേറെ പ്രവാസികളാണ് വിവിധ വിദേശ രാജ്യങ്ങളിലുള്ളത്. പ്രതിവർഷം 78 ബില്യൺ ഡോളർ പ്രവാസി സമൂഹം കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിലേയ്ക്ക് നൽകുന്നു. ഇത് ഉപയോഗപ്പെടുത്തി കേരളത്തിൽ ബിസിനസ് ആരംഭിക്കുന്നതിനും സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കുന്നതിനും പ്രവാസി സമൂഹത്തിൻറെ വിപുലമായ സംഭാവനകൾ ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. വിദേശ രാജ്യത്ത് നിന്ന് തന്നെ കേരളത്തിൽ കമ്പനി റജിസ്റ്റർ ചെയ്യുന്നതിനുള്ള എല്ലാ സഹായവും ഇൻഫിനിറ്റി കേന്ദ്രങ്ങളിലൂടെ ലഭിക്കും.